ഇവിഎമ്മിനു പകരം ബാലറ്റ് പേപ്പര്‍: ഹരജി സുപ്രിം കോടതി തള്ളി

തകരാറുകളും വിശ്വാസമില്ലായ്മ കാരണവും പല രാജ്യങ്ങളും ഇവിഎമ്മുകള്‍ നിരോധിച്ചിട്ടുണ്ടെന്ന് ഹരജിയില്‍ പറയുന്നു

Update: 2021-01-06 17:03 GMT

ന്യൂഡല്‍ഹി: ഇലക്ട്രോണിക് വോട്ടിങ് മെഷിനുകള്‍ക്ക് (ഇവിഎം) പകരം തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ ഉപയോഗിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന് നിര്‍ദ്ദേശം നല്‍കണമെന്ന് ആവശ്യപ്പെടുന്ന ഹരജി സുപ്രിംകോടതി തള്ളി. ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ അധ്യക്ഷനും ജസ്റ്റിസുമാരായ എ എസ് ബൊപ്പണ്ണ, വി രാമസുബ്രഹ്മണ്യന്‍ എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് ഹരജി തള്ളിയത്. അഭിഭാഷകനായ സി ആര്‍ ജയസുകിന്‍ ആണ് ഹരജി നല്‍കിയത്.


തകരാറുകളും വിശ്വാസമില്ലായ്മ കാരണവും പല രാജ്യങ്ങളും ഇവിഎമ്മുകള്‍ നിരോധിച്ചിട്ടുണ്ടെന്ന് ഹരജിയില്‍ പറയുന്നു. ഇവിഎം മൗലികാവകാശത്തെ ധ്വംസിക്കുന്നു എന്നും ഹര്‍ജിക്കാരന്‍ ആരോപിച്ചു. സ്വതന്ത്രവും യുക്തിപൂര്‍വവുമായി വേണം തെരഞ്ഞെടുപ്പുകള്‍ നടക്കേണ്ടത് എന്ന ഭരണഘടനയുടെ 324ാം അനുച്ഛേദത്തിന്റെ ലംഘനമാണ് ഇവിഎമ്മുകള്‍ എന്നും ഹരജിക്കാരന്‍ വാദിച്ചു. ബാലറ്റ് പേപ്പറുകള്‍ കൂടുതല്‍ സുതാര്യവും വിശ്വസനീയവുമാണ്. വികസിത രാഷ്ട്രങ്ങളായ യുഎസ്, ജപ്പാന്‍, ജര്‍മനി എന്നിവിടങ്ങളില്‍ പോലും വോട്ടിങ് യന്ത്രങ്ങള്‍ വേണ്ടെന്നു വച്ചിട്ടുണ്ട് എന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. എന്നാല്‍ വോട്ടിങ് മൗലികാവകാശമാണെന്ന് വാദിക്കുന്നതിന് മുമ്പ് ഭരണഘടന വായിക്കണമെന്ന നിര്‍ദേശത്തോടെയാണ് ഹരജി തള്ളിയത്.




Tags:    

Similar News