വായ്പ തിരിച്ചടയ്ക്കാത്തവരുടെ ചിത്രങ്ങള്‍ ബാങ്കുകള്‍ പ്രസിദ്ധീകരിക്കരുത്: കേരള ഹൈക്കോടതി
കൊച്ചി: വായ്പ തിരിച്ചടയ്ക്കാനായി വായ്പയെടുത്തവരുടെ ഫോട്ടോയും വിവരങ്ങളും പ്രസിദ്ധീകരിക്കരുതെന്ന് കേരള ഹൈക്കോടതി. ഇത്തരം പ്രവൃത്തികള്‍ ഒരു വ്യക്തിയുടെ അന്തസ്സോടെയും പ്രശസ്തിയോടെയും ജീവിക്കാനുള്ള അവകാശത്തെ ഹനിക്കുമെന്ന് ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി നല്‍കിയ ഹരജി തള്ളിയായിരുന്നു പരാമര്‍ശം.
ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓഫീസുകള്‍ക്ക് മുന്നില്‍ സ്ഥാപിച്ച കടം വാങ്ങിയവരുടെ പേരും ഫോട്ടോയും രേഖപ്പെടുത്തിയ ഫ്ളക്സ് ബോര്‍ഡ് നീക്കം ചെയ്യണമെന്ന സഹകരണ അസിസ്റ്റന്റ് രജിസ്ട്രാറുടെ നിര്‍ദേശത്തെ ചോദ്യം ചെയ്താണ് ചെമ്പഴന്തി അഗ്രികള്‍ച്ചറല്‍ ഇംപ്രൂവ്മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി ഹരജി നല്‍കിയത്.
''കടം വാങ്ങുന്നവരെ അവരുടെ പ്രശസ്തിയും സ്വകാര്യതയും നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി വായ്പ തിരിച്ചടയ്ക്കാന്‍ നിര്‍ബന്ധിക്കാനാവില്ല. കടം വാങ്ങുന്നതില്‍ വീഴ്ച വരുത്തുന്നവരുടെ ഫോട്ടോഗ്രാഫുകളും മറ്റ് വിശദാംശങ്ങളും പരസ്യപ്പെടുത്തുകയോ പ്രദര്‍ശിപ്പിക്കുകയോ ചെയ്യുന്നത് കടം വാങ്ങുന്നവരുടെ അന്തസ്സോടെയും പ്രശസ്തിയോടെയും ജീവിക്കാനുള്ള അവകാശത്തിന് മേലുള്ള കടന്നുകയറ്റമായിരിക്കും. നിയമം അനുശാസിക്കുന്ന നടപടിക്രമങ്ങള്‍ക്കനുസൃതമല്ലാതെ ആളുകളുടെ വ്യക്തിസ്വാതന്ത്ര്യം ഹനിക്കാന്‍ കഴിയില്ല'' ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ പറഞ്ഞു.
ഇത്തരം പ്രവൃത്തികള്‍ ഭരണഘടനയുടെ 21-ാം അനുച്ഛേദം പ്രകാരമുള്ള ഒരു വ്യക്തിയുടെ അവകാശത്തെ ഹനിക്കുന്നതാണെന്ന് കോടതി ചൂണ്ടിക്കാട്ടി. ഇത് ഏതെങ്കിലും ആക്ടിലോ ചട്ടങ്ങളിലോ പറഞ്ഞിരിക്കുന്ന രീതിയല്ലെന്നും കോടതി വ്യക്തമാക്കി. അതേസമയം ഈ രീതി അവലംബിക്കുന്നതിന് മുമ്പ് പലതവണ ഈ കുടിശ്ശികക്കാരില്‍ നിന്ന് പണം ആവശ്യപ്പെട്ടിരുന്നതായി ബാങ്കിന്റെ അഭിഭാഷകന്‍ വാദിച്ചു.വിവരങ്ങള്‍ പ്രസിദ്ധീകരിച്ചതിന് ശേഷം പലരും വായ്പ തിരിച്ചടച്ചതായി അവര്‍ പറഞ്ഞു.