ബീഡിക്കുറ്റി, ചത്ത എലി, കൂറ, പുകയിലക്കവര്‍....: മാലിന്യങ്ങള്‍ നിറഞ്ഞ് ഓണക്കിറ്റിലെ ശര്‍ക്കര
ഈറോഡ്, ചെന്നൈ എന്നിവിടങ്ങളിലെ മൊത്ത വ്യാപാരികളില്‍ നിന്നാണ് സര്‍ക്കാര്‍ ഓണക്കിറ്റിലേക്കുള്ള ശര്‍ക്കര വാങ്ങിയത്.
കോഴിക്കോട്: റേഷന്‍കടകള്‍ വഴി സര്‍ക്കാര്‍ വിതരണം ചെയ്ത ഓണക്കിറ്റിലെ ശര്‍ക്കരയില്‍ ബീഡിക്കുറ്റി മുതല്‍ ചത്ത എലി വരെ. സംസ്ഥാനത്ത് പലയിടങ്ങളിലും ലഭിച്ച കിറ്റിലെ ശര്‍ക്കര അച്ചിലാണ് മാലിന്യങ്ങള്‍ കാണപ്പെട്ടത്. ശര്‍ക്കര അച്ചില്‍ നിന്നും ചത്ത എലിയെ എടുക്കുന്നതായി കാണിച്ചുള്ള വീഡിയോ യൂട്യൂബില്‍ പ്രചരിക്കുന്നുണ്ട്. അതുപോലെ അടിവസ്ത്രത്തിന്റെ ഭാഗങ്ങള്‍ ശര്‍ക്കരയില്‍ നിന്നും ഇളക്കിയെടുക്കുന്നതും, ശര്‍ക്കര ഉരുക്കിയപ്പോള്‍ ബീഡിക്കുറ്റിയും പുകയിലക്കവറും ഇളകിവന്നതുമായ വീഡിയോയും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
ഈറോഡ്, ചെന്നൈ എന്നിവിടങ്ങളിലെ മൊത്ത വ്യാപാരികളില്‍ നിന്നാണ് സര്‍ക്കാര്‍ ഓണക്കിറ്റിലേക്കുള്ള ശര്‍ക്കര വാങ്ങിയത്. ഗുണനിലവാലമില്ല എന്ന് കണ്ടതിനാല്‍ കഴിഞ്ഞയാഴ്ച്ച എത്തിയ ശര്‍ക്കര അത്രയും തിരിച്ചയച്ചിരുന്നു. എന്നാല്‍ അതിനു മുന്‍പ് വന്ന ശര്‍ക്കര പരിശോധിക്കാതെ തന്നെ കിറ്റില്‍ ഉള്‍പ്പെടുത്തുകയാണ് ചെയ്തത്. ഓണവിപണിയിലെ ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം പരിശോധിക്കുന്നതിന് ഭക്ഷ്യസുരക്ഷാ വകുപ്പ് വിപണികളില്‍ പരിശോധന ശക്തമാക്കിയിരുന്നു.എന്നാല്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ വഴി വിതരണം ചെയ്യുന്ന ഭക്ഷ്യ വസ്തുക്കളുടെ ഗുണനിലവാര പരിശോധന നടക്കാറില്ല.