കോഴിക്കോട്: സന്തോഷ് ട്രോഫി ഫുട്ബോള്‍ യോഗ്യതാ റൗണ്ടിലെ രണ്ടാം മത്സരത്തില്‍ വമ്പന്‍ ജയത്തോടെ ഫൈനല്‍ റൗണ്ട് സാധ്യതകള്‍ സജീവമാക്കി കേരളം. ഗ്രൂപ്പ് എച്ചിലെ മത്സരത്തില്‍ ലക്ഷദ്വീപിനെ എതിരില്ലാത്ത 10 ഗോളുകള്‍ക്കാണ് കേരളം തകര്‍ത്തത്. ആറാം മിനിറ്റില്‍ മുഹമ്മദ് അജ്സലിലൂടെ തുടങ്ങിയ ഗോളടി 89-ാം മിനിറ്റിലെ ഇ സജീഷിന്റെ ഗോളോടെയാണ് കേരളം അവസാനിപ്പിച്ചത്.
ആദ്യ പകുതിയില്‍ പകരക്കാരനായി ഇറങ്ങിയ സജീഷ് ഹാട്രിക്കുമായി (37, 78, 89) തിളങ്ങി. അജ്സലും (6, 20), ഗനി അഹമ്മദ് നിഗമും (55, 81) ഇരട്ട ഗോളുകള്‍ നേടി. നസീബ് റഹ്മാന് (9), വി. അര്ജുന് (46), മുഹമ്മദ് മുഷ്റഫ് (57) എന്നിവരായിരുന്നു കേരളത്തിന്റെ മറ്റ് സ്കോറര്‍മാര്‍.