മകള്‍ പുരോഹിതനൊപ്പം ഒളിച്ചോടി; പിതാവ് നല്‍കിയ ഹരജിയില്‍ സര്‍ക്കാരിന്റെ നിലപാട് തേടി കോടതി
അഹമ്മദാബാദ്: മകള്‍ ഇസ്‌കോണിലെ പുരോഹിതനൊപ്പം സ്വര്‍ണവും പണവുമായി ഒളിച്ചോടിയെന്നും, മകളെ അനധികൃതമായി തടവില്‍ വച്ചിരിക്കയാണെന്നും ആരോപിച്ച് പിതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനും അഹമ്മദാബാദ് പോലിസ് കമ്മീഷണര്‍ക്കും നോട്ടിസ് അയച്ച് ഗുജറാത്ത് ഹൈക്കോടതി.
ജസ്റ്റിസുമാരായ സംഗീതാ വിശെന്‍, സഞ്ജീവ് താക്കര്‍ എന്നിവരുടെ ബെഞ്ച് ചൊവ്വാഴ്ചയാണ് അഹമ്മദാബാദ് പോലീസ് കമ്മീഷണര്‍, മേഘനിനഗര്‍ പോലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടര്‍, ഇന്റര്‍നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണ കോണ്‍ഷ്യസ്നെസ് (ഇസ്‌കോണ്‍) എന്നിവര്‍ക്ക് ജനുവരി 9-നകം മറുപടി നല്‍കണമെന്ന് ആവശ്യപ്പെട്ട് നോട്ടിസ് അയച്ചത.്
അഹമ്മദാബാദ് നഗരത്തിലെ എസ്ജി ഹൈവേയില്‍ സ്ഥിതി ചെയ്യുന്ന ഇസ്‌കോണ്‍ ക്ഷേത്രത്തിലെ ചില പുരോഹിതന്മാര്‍ തന്റെ പ്രായപൂര്‍ത്തിയായ മകള്‍ക്ക് പതിവായി മയക്കുമരുന്ന് നല്‍കാറുണ്ടെന്നും തുടര്‍ന്ന് 2024 ജൂലായ് 27-ന് 230 ഗ്രാം സ്വര്‍ണവും 3,62,000 രൂപയും എടുത്ത് മകള്‍ അവരില്‍ ഒരാളുമായി ഒളിച്ചോടിയെന്നായിരുന്നു ഹരജിക്കാരന്‍ ആരോപിച്ചത്. മകള്‍ ഉത്തര്‍പ്രദേശിലെ മഥുരയില്‍ എവിടെയോ അനധികൃത തടവിലാണെന്നും ഹരജിക്കാരന്‍ പറയുന്നു.
5 മുതല്‍ 6 മാസം വരെ കഴിഞ്ഞിട്ടും കേസില്‍ കൃത്യമായ വിവരങ്ങളൊന്നും ലഭിക്കുന്നില്ലെന്നും മകളെ കണ്ടെത്താന്‍ പോലിസ് ഉചിതമായ നടപടിയൊന്നും എടുത്തിട്ടില്ലെന്നും ഹരജിക്കാരന്‍ പറഞ്ഞു.