ഫിഫ ദി ബെസ്റ്റ് വിനീഷ്യസ് ജൂനിയറിന്; എയ്റ്റാന ബോണ്‍മാറ്റി മികച്ച വനിതാ താരം
ദോഹ: മികച്ച പുരുഷ താരത്തിനുള്ള ഫിഫ ദി ബെസ്റ്റ് പുരസ്‌കാരം ബ്രസീലിന്റെ വിനീഷ്യസ് ജൂനിയറിന്. ലയണല്‍ മെസ്സി, കിലിയന്‍ എംബപെ, എര്‍ലിങ് ഹാളണ്ട്, ജൂഡ് ബെല്ലിങ്ങാം തുടങ്ങിയ പ്രമുഖരെ പിന്തള്ളിയാണ് 24 കാരനായ ബ്രസീല്‍ സ്‌ട്രൈക്കറുടെ നേട്ടം. ദോഹയില്‍ നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോയാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്.
സ്പാനിഷ് ക്ലബ്ബ് റയല്‍ മഡ്രിഡിനായി നടത്തിയ മിന്നും പ്രകടനമാണ് വിനീഷ്യസിന് ഫിഫയുടെ മികച്ച താരത്തിനുള്ള പുരസ്‌കാരം നേടിക്കൊടുത്തത്. റയലിന് ചാമ്പ്യന്‍സ് ലീഗ്, ലാലിഗ, സ്പാനിഷ് സൂപ്പര്‍ കപ്പ് കിരീടങ്ങളാണ് വിനീഷ്യസ് നേടിക്കൊടുത്തത്. ചരിത്രത്തില്‍ പുരസ്‌കാരം നേടുന്ന ആറാം ബ്രസീല്‍ താരമാണ്. റൊമാരിയോ, റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്‍ഡീന്യോ, കക്ക എന്നിവരാണ് മുന്‍പ് ഫിഫയുടെ മികച്ച താരമായത്. 2007-ല്‍ കക്ക പുരസ്‌കാരം നേടിയതിനു ശേഷം ആദ്യമായിട്ടാണ് ബ്രസീല്‍ താരം നേട്ടം കൈവരിക്കുന്നത്. 24-കാരനായ വിനീഷ്യസ് ബ്രസീലിനായി 37 മത്സരം കളിച്ചു. അഞ്ച് ഗോളും നേടി. റയലിനായി 284 മത്സരത്തില്‍നിന്ന് 96 ഗോളും നേടി. 13 കിരീടനേട്ടങ്ങളില്‍ പങ്കാളിയായി.
സ്പാനിഷ് താരം എയ്റ്റാന ബോണ്‍മാറ്റി മികച്ച വനിതാ താരമായി. തുടര്‍ച്ചയായ രണ്ടാംതവണയാണ് മുന്നേറ്റനിരതാരം പുരസ്‌കാരം നേടുന്നത്. ബാലണ്‍ ദ്യോര്‍ പുരസ്‌കാരവും താരത്തിനാണ്. സ്‌പെയിനിനായും ബാഴ്സലോണയ്ക്കായും നടത്തിയ മികച്ച പ്രകടനമാണ് താരത്തിന് നേട്ടമായത്. ഫിഫ പുതുതായി ഏര്‍പ്പെടുത്തിയ മാര്‍ത്ത പുരസ്‌കാരം ബ്രസീലിന്റെ ഇതിഹാസ താരം മാര്‍ത്ത നേടി. 2024 ലെ വനിതാ ഫുട്‌ബോളിലെ മികച്ച ഗോളിനാണ് ഈ പുരസ്‌കാരം നല്‍കുന്നത്. മികച്ച പുരുഷ ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനസിനാണ്. മൂന്നു വര്‍ഷത്തിനിടെ രണ്ടാം തവണയാണ് അര്‍ജന്റീന താരം ഗോള്‍ കീപ്പര്‍ക്കുള്ള പുരസ്‌കാരം സ്വന്തമാക്കുന്നത്.