മാഞ്ചസ്റ്റര്‍ ഡെര്‍ബി യുനൈറ്റഡിന്; ലാ ലിഗയില്‍ ബാഴ്‌സയ്ക്ക് തോല്‍വി; ഒന്നാം സ്ഥാനത്തിന് ഭീഷണി
ഇത്തിഹാദ്: ഇംഗ്ലിഷ് പ്രീമിയര്‍ ലീഗില്‍ നടന്ന മാഞ്ചസ്റ്റര്‍ ഡെര്‍ബിയില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് ജയം. ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കാണ് യുനൈറ്റഡിന്റെ ജയം. 36ാം മിനിറ്റില്‍ ജോസ്‌കോ ഗവര്‍ഡിഓളിലൂടെ സിറ്റിയാണ് ഇത്തിഹാദില്‍ ലീഡെടുത്തത്. എന്നാല്‍ ബ്രൂണോ ഫെര്‍ണാണ്ടസ് പെനാല്‍റ്റിയിലൂടെ യുനൈറ്റഡിനെ ഒപ്പമെത്തിച്ചു. തോല്‍ക്കാന്‍ തയ്യാറല്ലാത്ത അമോറിമിന്റെ ശിഷ്യന്‍മാര്‍ 90 മിനിറ്റില്‍ വിജയഗോള്‍ നേടി.
ലിസാന്‍ഡ്രോ മാര്‍ട്ടിന്‍സിന്റെ അസിസ്റ്റില്‍ ഡിയാലോയാണ് വിജയഗോള്‍ നേടിയത്. തോല്‍വിയോടെ സിറ്റി ആറാം സ്ഥാനത്തേക്ക് വീണു.യുനൈറ്റഡ് 13ാം സ്ഥാനത്താണ്. മറ്റൊരു മല്‍സരത്തില്‍ ബ്രന്റ്‌ഫോഡിനെ വീഴ്ത്തി ചെല്‍സി വിജയപരമ്പര തുടര്‍ന്നു. 2-1നാണ് ചെല്‍സിയുടെ ജയം. സതാംപടണിനെ എതിരില്ലാത്ത അഞ്ച് ഗോളിന് ടോട്ടന്‍ഹാം പരാജയപ്പെടുത്തി.
കഴിഞ്ഞ ദിവസം സ്പാനിഷ് ലീഗില്‍ നടന്ന മല്‍സരത്തില്‍ ബാഴ്‌സ ലെഗനീസിനോട് പരാജയപ്പെട്ടു. എതിരില്ലാത്ത ഒരു ഗോളിനാണ് ഒന്നാം സ്ഥാനക്കാര്‍ തോല്‍വി വഴങ്ങിയത്. നാലാം മിനിറ്റില്‍ സെര്‍ജിയോ ഗോണ്‍സാലസാണ് ലെഗനീസിന്റെ വിജയഗോള്‍ നേടിയത്. ബാഴ്‌സയ്ക്ക് ഒരു ഗോള്‍ തിരിച്ചടിക്കാന്‍ കഴിയാത്ത വിധം ശക്തമായിരുന്നു ലെഗനീസ് പ്രതിരോധം. തോല്‍വി ബാഴ്‌സയ്ക്ക് കനത്ത തിരിച്ചടിയാണ് നല്‍കിയത്.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു മല്‍സരത്തില്‍ ഗെറ്റാഫെയെ ഒരു ഗോളിന് വീഴ്ത്തി അത്‌ലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനത്തേക്ക് കയറി. ഗോള്‍ ശരാശരിയിലുള്ള വ്യത്യാസത്തില്‍ മാത്രമാണ് അത്‌ലറ്റിക്കോ രണ്ടാം സ്ഥാനത്ത് നില്‍ക്കുന്നത്. മൂന്നാം സ്ഥാനത്തുള്ള റയലുമായി ബാഴ്‌സയ്ക്ക് ഒരു പോയിന്റിന്റെ വ്യത്യാസം മാത്രമാണുള്ളത്.