സ്പാനിഷ് ലീഗില്‍ 14ാം സ്ഥാനക്കാരോട് ബാഴ്‌സലോണയ്ക്ക് തോല്‍വി; റയല്‍ ഇന്നിറങ്ങും
ക്യാംപ് നൗ: സ്പാനിഷ് ലീഗില്‍ ബാഴ്‌സലോണയ്ക്ക് അപ്രതീക്ഷിത തോല്‍വി. ലീഗില്‍ 14ാം സ്ഥാനത്തുള്ള ലാസ് പാല്‍മാസാണ് ഒന്നാം സ്ഥാനക്കാരെ 2-1ന് വീഴ്ത്തിയത്. അനായാസം ജയിക്കാമെന്ന മല്‍സരത്തില്‍ തോല്‍വി നേരിട്ടത് കറ്റാലന്‍സിന് കനത്ത തിരിച്ചടിയാണ്. കിരീടപോരാട്ടത്തില്‍ നിലവില്‍ ഒന്നാമത് നില്‍ക്കുന്ന ബാഴ്്‌സയ്ക്ക് വിലയേറിയ മൂന്ന് പോയിന്റാണ് ഇന്ന് നഷ്ടമായത്.
ലാസ്പാല്‍മാസിന്റെ ഹോം ഗ്രൗണ്ടില്‍ നടന്ന മല്‍സരത്തില്‍ 49ാം മിനിറ്റില്‍ സാന്‍ഡ്രോ റമിറസാണ് ആതിഥേയര്‍ക്കായി ലീഡെടുത്തത്. എന്നാല്‍ 61ാം മിനിറ്റില്‍ മിന്നും ഫോമിലുള്ള ബ്രസീലിയന്‍ താരം റഫീനയുടെ ഗോളില്‍ ബാഴ്‌സലോണ സമനില പിടിച്ചു. പെഡ്രിയുടെ അസിസ്റ്റില്‍ നിന്നായിരുന്നു ഈ ഗോള്‍. 67ാം മിനിറ്റില്‍ ആണ് ലാസ്പാല്‍മസ് കറ്റാലന്‍സിനെ ഞെട്ടിച്ചത്. ഫാമിയോ സില്‍വയുടെ ഗോളില്‍ അവര്‍ ലീഡും ജയവും സ്വന്തമാക്കുകയായിരുന്നു.
മറ്റൊരു മല്‍സരത്തില്‍ അത്‌ലറ്റിക്കോ മാഡ്രിഡ് റയല്‍ വലാഡോളിഡിനെ എതിരില്ലാത്ത അഞ്ച് ഗോളിന് പരാജയപ്പെടുത്തി. ജയത്തോടെ അത്‌ലറ്റിക്കോ ലീഗില്‍ രണ്ടാം സ്ഥാനത്തെത്തി.ഇന്ന്് നടക്കുന്ന മല്‍സരത്തില്‍ റയല്‍ മാഡ്രിഡ് ഗെറ്റാഫെയെ നേരിടും.