ചാംപ്യന്‍സ് ലീഗ്; ഹാട്രിക്കുമായി റഫീന; ബാഴ്‌സയ്ക്കും സിറ്റിക്കും വമ്പന്‍ ജയം; ഹാലന്റിന് ഡബിള്‍

Update: 2024-10-24 05:36 GMT

ക്യാംപ് നൗ: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ ബയേണ്‍ മ്യുണിക്കിനെ തകര്‍ത്തെറിഞ്ഞ് ബാഴ്‌സലോണ. 4-1ന്റെ വന്‍ ജയവുമായാണ് മുന്‍ ചാംപ്യന്‍മാര്‍ക്കെതിരേ ബാഴ്സ തിളങ്ങിയത്. മികച്ച ഫോമിലുള്ള ബ്രസീലിയന്‍ താരം റഫീനയുടെ മികവിലാണ് കറ്റാലന്‍സിന്റെ ജയം. റഫീന ഹാട്രിക്ക് നേടിയ മല്‍സരത്തില്‍ ലെവന്‍ഡോസ്‌കിയും(36) സ്‌കോര്‍ ചെയ്തു. 1, 45, 56 മിനിറ്റുകളിലാണ് റഫീനയുടെ ഗോളുകള്‍ പിറന്നത്.   യേണിന്റെ ആശ്വാസ ഗോള്‍ 18ാം മിനിറ്റില്‍ ഗ്യാന്‍ബറിയുടെ അസിസ്റ്റില്‍ ഹാരി കെയ്നിന്റെ വകയായിരുന്നു.അത്ലറ്റിക്കോ മാഡ്രിഡ് ഫ്രഞ്ച് മുന്‍നിരക്കാരായ ലില്ലെയോട് 3-1ന്റെ ഞെട്ടിക്കുന്ന തോല്‍വിയേറ്റുവാങ്ങി. പോര്‍ച്ചുഗല്‍ ക്ലബ്ബ് ബെന്‍ഫിക്ക ഡച്ച് ക്ലബ്ബ് ഫെയ്നൂര്‍ദിനോട് 3-1ന്റെ പരാജയം ഏറ്റുവാങ്ങി.

ചെക്ക് റിപ്പബ്ലിക്ക് ക്ലബ്ബ് സ്പാര്‍ട്ടാ പ്രാഗിനെതിരേ അഞ്ച് ഗോളിന്റെ ജയവുമായി മാഞ്ചസ്റ്റര്‍ സിറ്റി. ഇത്തിഹാദിനല്‍ നടന്ന മല്‍സരത്തില്‍ ഇംഗ്ലിഷ് ചാംപ്യന്‍മാര്‍ക്കായി എര്‍ലിങ് ഹാലന്റ് ഇരട്ട ഗോളുകള്‍ നേടി. ഫില്‍ ഫോഡന്‍, സ്‌റ്റോണ്‍സ് എന്നിവരാണ് മറ്റ് ഗോളുകള്‍ നേടിയത്. മറ്റൊരു മല്‍സരത്തില്‍ ലിവര്‍പൂള്‍ എതിരില്ലാത്ത ഒരു ഗോളിന് ജര്‍മ്മന്‍ ക്ലബ്ബ് ആര്‍ബി ലെപ്‌സിഗിനെ വീഴ്ത്തി. മുഹമ്മദ് സലാഹിന്റെ അസിസ്റ്റില്‍ 27ാം മിനിറ്റില്‍ ഡാര്‍വിന്‍ ന്യൂനസാണ് ചെമ്പടയുടെ വിജയഗോള്‍ നേടിയത്. എന്നാല്‍ പിന്നീട് ഒരു ഗോള്‍ കൂടി നേടാന്‍ ലിവര്‍പൂളിനായില്ല. ലെപ്‌സിഗ് കനത്ത പ്രതിരോധം സൃഷ്ടിക്കുകയായിരുന്നു.

മറ്റ് മല്‍സരങ്ങളില്‍ ഇന്റര്‍മിലാന്‍ യങ് ബോയിസിനെ എതിരില്ലാത്ത ഒരു ഗോളിന് പരാജയപ്പെടുത്തി. റെഡ് ബുള്‍ സാല്‍സ്ബര്‍ഗ് ഡൈനാമോ സെഗരിബിനെ എതിരില്ലാത്ത രണ്ട് ഗോളിനും വീഴ്ത്തി.


Tags:    

Similar News