ചാംപ്യന്‍സ് ലീഗ്; മാഡ്രിഡ് ഡെര്‍ബിയില്‍ റയലിന് ജയം; ക്വാര്‍ട്ടറിലേക്ക്; അത്‌ലറ്റിക്കോയ്ക്ക് നിര്‍ഭാഗ്യം; അല്‍വാരസിന്റെ പെനാല്‍റ്റി നിഷേധിച്ചു

മാഡ്രിഡ്: യുവേഫാ ചാംപ്യന്‍സ് ലീഗില്‍ നടന്ന മാഡ്രിഡ് ഡെര്‍ബി പ്രീക്വാര്‍ട്ടറില്‍ റയലിന് ജയം. ഇരുപാദങ്ങളിലുമായി മല്‍സരം സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. ഷൂട്ടൗട്ടില്‍ 4-2നാണ് റയല്‍ ജയിച്ചത്. മികച്ച കളി പുറത്തെടുത്ത് മുന്നില്‍ നിന്നെങ്കിലും ഭാഗ്യം അത്‌ലറ്റിക്കോയെ കൈവിടുകയായിരുന്നു.അര്‍ജന്റീനന്‍ താരം ജൂലിയന്‍ അല്‍വാരസിന്റെ പെനാല്‍റ്റി ലക്ഷ്യം കണ്ടെങ്കിലും വാര്‍ പരിശോധനയില്‍ അത് ഡബിള്‍ ടച്ച് എന്ന് വിധിച്ച് നിഷേധിക്കുകയായിരുന്നു. ഇത് അത്‌ലറ്റിക്കോയ്ക്ക് വലിയ വില നല്‍കേണ്ടി വന്നു. അതിനിടെ എംബാപ്പെയെ വീഴ്ത്തിയതിന് റയലിന് ലഭിച്ച പെനാല്‍റ്റി വിനീഷ്യസ് ജൂനിയര്‍ പാഴാക്കിയിരുന്നു.

അത്‌ലറ്റിക്കോയുടെ സോര്‍ലോത്തും കൊറെയും ഷൂട്ടൗട്ടില്‍ പെനാല്‍റ്റി ലക്ഷ്യം കണ്ടു.മാര്‍ക്കോസ് യോറന്റെയുടെ പെനാല്‍റ്റി പിഴച്ചിരുന്നു. റയലിനായി കിലിയന്‍ എംബാപ്പെ, ജൂഡ് ബെല്ലിങ്ഹാം, വാല്‍വര്‍ഡെ, റൂഡിഗര്‍ എന്നിവരാണ് റയലിനായി പെനാല്‍റ്റി ലക്ഷ്യം കണ്ടവര്‍. ആദ്യ പാദത്തില്‍ റയല്‍ 2-1ന് ജയിച്ചിരുന്നു. ഇന്ന് നടന്ന രണ്ടാം പാദത്തില്‍ 30ാം മിനിറ്റില്‍ കൊണര്‍ ഗാലഗര്‍ ഗോള്‍ നേടി അത്‌ലറ്റിക്കോയെ ഒപ്പത്തിനൊപ്പം എത്തിക്കുകയായിരുന്നു. തുടര്‍ന്ന് ഇരു ടീമിനും ഗോള്‍ നേടാനായില്ല. എക്‌സ്ട്രാ ടൈമില്‍ ആര്‍ക്കും ലക്ഷ്യം കാണാന്‍ ആയില്ല. തുടര്‍ന്നാണ് പെനാല്‍റ്റി ഷൂട്ടൗട്ട് വേണ്ടിവന്നത്. ചാംപ്യന്‍സ് ലീഗിലെ റെക്കോഡ് നേട്ടക്കാരായ റയലിന് ക്വാര്‍ട്ടറില്‍ എതിരാളി ആഴ്‌സണല്‍ ആണ്.