ബെഹ്ബാല്‍ പോലിസ് വെടിവയ്പ് കേസ്: പഞ്ചാബ് മുന്‍ ഡിജിപിക്ക് ജാമ്യം ലഭിച്ചതില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി നവ്‌ജ്യോത് സിങ് സിദ്ദു

Update: 2021-11-08 08:40 GMT

ചണ്ഡീഗഢ്: ബെഹ്ബാല്‍ കല്യാന്‍ പോലിസ് വെടിവയ്പ് കേസില്‍ മുന്‍ ഡിജിപി സുമേധ് സിങ് സെയ്‌നിക്ക് ജാമ്യം ലഭിക്കാനിടയായതില്‍ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി പഞ്ചാബ് കോണ്‍ഗ്രസ് അധ്യക്ഷന്‍ നവ്‌ജ്യോത് സിങ് സിദ്ദു. പുതിയ പഞ്ചാബ് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും രാഷ്ട്രീയ ദൃഢതയില്ലെന്ന് അദ്ദേഹം ആരോപിച്ചു. മുഖ്യമന്ത്രി ചരന്‍ജിത് ചന്നിക്കെതിരേയും അദ്ദേഹം ആക്രമണം അഴിച്ചുവിട്ടു.

മുന്‍ ഡിജിപിക്ക് ജാമ്യം ലഭിച്ചത് സംസ്ഥാന സര്‍ക്കാര്‍ ഹരജി നല്‍കാത്തതിന്റെ ഭാഗമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിധാന്‍ സഭാ സമ്മേളനത്തിന്റെ ആദ്യ ദിവസത്തോടനുബന്ധിച്ച് വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സിദ്ദു.

വെയിവയ്പ് കേസില്‍ വേണ്ടവിധത്തില്‍ ഇടപെട്ടില്ലെന്ന് ആരോപിച്ച് സിദ്ദുവും മുന്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിങ്ങും തമ്മില്‍ പോര് മൂത്താണ് ഒടുവില്‍ അദ്ദേഹം പുറത്തുപോകേണ്ടിവന്നത്. ആ ഒഴിവിലാണ് പിന്നീട് ചന്നി മുഖ്യമന്ത്രിയായത്.

പുതിയ ഡിജിപി അന്വേഷണം ഏറ്റെടുത്ത് ആറ് മാസവും ഒരു ദിവസവും പിന്നിട്ടിരിക്കുന്നു. ഒന്നുകില്‍ വഴങ്ങിക്കൊടുക്കുന്ന ഓരു ഓഫിസറെ കണ്ടെത്തുക, അല്ലെങ്കില്‍ ഒരു കോണ്‍ഗ്രസ് മേധാവിയെ- ഡിജിപിയെ ഉന്നംവച്ച് സിദ്ദു പറഞ്ഞു.

താന്‍ തത്ത്വാധിഷ്ഠിതമായാണ് കാര്യങ്ങള്‍ കാണുന്നതെന്നും അമരീന്ദര്‍ സിങ്ങ് സ്ഥാനത്തുനിന്ന് മാറിയാലും നിലപാട് ഉപേക്ഷിക്കില്ലെന്നും സിദ്ദു പറഞ്ഞു.

2015ല്‍ വിശുദ്ധഗ്രന്ഥത്തെ അപകീര്‍ത്തിപ്പെടുത്തിയ സംഭവവുമായി ബന്ധപ്പെട്ടുണ്ടായ പ്രതിഷേധത്തിനു നേരെ വെടിവച്ച സംഭവത്തിലാണ് മുന്‍ ഡിജിപിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആ കേസിലാണ് ഇപ്പോള്‍ ജാമ്യം ലഭിച്ചതും. ജാമ്യം ലഭിച്ചതില്‍ കോടതിയെ കുറ്റപ്പെടുത്താനാവില്ലെന്നും സര്‍ക്കാര്‍ ഇടപെടാന്‍ വൈകിയതാണെന്നും അദ്ദേഹം ആരോപിച്ചു. 

Tags:    

Similar News