'ശ്രീകൃഷ്ണ' ആയതുകൊണ്ട് 'താലിബാന്‍വല്‍ക്കരണ'ത്തിനു സ്‌കോപ്പില്ല; പരിഹാസവുമായി സാമൂഹിക മാധ്യമങ്ങള്‍
തിരുവനന്തപുരം: തിരുവനന്തപുരത്തെ ഗവണ്‍മെന്റ് എഞ്ചിനീയറിങ് കോളജിനു(സിഇടി)മുന്നിലെ ബസ് കാത്തിരിപ്പുകേന്ദ്രത്തിലെ ബെഞ്ച് പൊളിച്ചുമാറ്റിയ സംഭവം റിപോര്‍ട്ട് ചെയ്തതിലെ 'കയ്യടക്കത്തെ' പരിഹസിച്ച് സോഷ്യല്‍മീഡിയ. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരുമിച്ച് ഒരേ സീറ്റിലിരിക്കുന്നുവെന്ന് ആരോപിച്ച് ബസ് സ്റ്റോപ്പ് നില്‍ക്കുന്ന പ്രദേശത്തെ നാട്ടുകാര്‍ ബെഞ്ച് പൊളിച്ചുനീക്കിയെന്നാണ് മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തത്. ഈ നടപടിയെ ന്യായീകരിച്ച് ബസ് സ്റ്റോപ്പ് നില്‍ക്കുന്ന പ്രദേശത്തെ റസിഡന്‍സ് അസോസിയേഷന്‍ അംഗങ്ങള്‍ രംഗത്തുവന്ന വാര്‍ത്തയില്‍ മാത്രമാണ് 'നാട്ടുകാര്‍' എന്നതിനു പകരം ശ്രീകൃഷ്ണ റസിഡന്‍സ് അസോസിയേഷന്‍ എന്ന് വിശേഷിപ്പിച്ചത്.
''ശ്രീകൃഷ്ണ റെസിഡന്റ്‌സ് അസോസിയേഷന്‍ ' പ്രവര്‍ത്തകര്‍ ആണ് വെയിറ്റിങ് ഷെഡ് പൊളിച്ചത്. വിദ്യാര്‍ഥികളുടെ പ്രവൃത്തികള്‍ കാരണം കണ്ണും പൂട്ടി നടക്കേണ്ട അവസ്ഥ ഒഴിവാക്കാന്‍ ആണ് ഇങ്ങനെ ചെയ്തതെന്നാണു പൊളിച്ചവര്‍ പറയുന്നത്.. 'ശ്രീകൃഷ്ണ ' ആയതുകൊണ്ട് താലിബാന്‍വല്‍ക്കരണം ആരോപിക്കാന്‍ സ്‌കോപ്പില്ല''- എഴുത്തുകാരനായ സുദേഷ് എം രഘു ഫേസ്ബുക്കില്‍ എഴുതി.
''സംഭവം തിരുവനന്തപുരത്തായത് കൊണ്ട് ഏതോ അജ്ഞാത സദാചാരവാദികള്‍ മാത്രം വിമര്‍ശനം നേരിട്ടാല്‍ മതി. മലപ്പുറത്തായിരുന്നെങ്കിലോ... പാണക്കാട് തങ്ങളും ജിഫ്രി തങ്ങളും വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദാജിയും സമസ്തയും ലീഗും മുതല്‍ ആറാം നൂറ്റാണ്ട് വരെയുള്ള സകല മുസ്ലിംകളും പ്രവാചകരും തെറിവിളി കേട്ടേനെ. ഇതിപ്പൊ യുക്തിവാദി മോര്‍ച്ചക്കാരൊന്നും വിവരം അറിഞ്ഞിട്ടേയില്ല...''- മാധ്യമപ്രവര്‍ത്തകനായ ആബിദ് അടിവാരം പ്രതികരിച്ചു.
''മലപ്പുറത്തു ആണെങ്കില്‍ മാപ്ലാക്കല്‍ക്ക് 'ഞങ്ങളില്ല മുസ്ലിം രക്തം; ഞങ്ങളിലുള്ളത് കമ്മി രക്തം' എന്ന് തെളിയിക്കാനുള്ള ഒരു സുവര്‍ണാവസരമാവുമായിരുന്നു. ജസ്റ്റ് മിസ്!''- ആബി അടിവാരത്തിന്റെ പോസ്റ്റില്‍ താജുദ്ദീന്‍ പൊതിയില്‍ പ്രതികരിച്ചു.
തങ്ങള്‍ക്ക് മുഖം മറച്ചു നടക്കാനാവില്ലെന്നും കാണാനാവാത്തതാണ് കാണുന്നതെന്നുമായിരുന്നു ഒരു സ്വകാര്യ ടിവി ചാനലില്‍ അസോസിയേഷന്‍ അംഗങ്ങള്‍ ബെഞ്ച് വെട്ടിപ്പൊളിച്ചതിനെ ന്യായീകരിച്ചത്. ഇതിനെതിരേ ഡിവൈഎഫ്‌ഐ നേതാവ് എം ഷിജുഖാനും സഹപ്രവര്‍ത്തകരും കാത്തിരുപ്പുകേന്ദ്രത്തിലെത്തി പാട്ടുപാടി പ്രതിഷേധിച്ചിരുന്നു. ഞങ്ങള്‍ റോഡിലിറങ്ങി നടക്കും, പാടത്തിരുന്ന് ചിരിക്കും... എന്നുതുടങ്ങിയ ഗാനമാണ് ഷിജുഖാന്‍ ആലപിച്ചത്. സഹപ്രവര്‍ത്തകര്‍ ഗാനം ഏറ്റുപാടി.