'ധനികന്റെ ഭാര്യയായിരിക്കുക എന്നത് ഒരു യോഗ്യതയല്ല'; നിത അംബാനിയെ വിസിറ്റിങ് പ്രൊഫസറാക്കാനുള്ള നീക്കത്തിനെതിരെ ബനാറസ് സര്‍വ്വകലാശാല വിദ്യാര്‍ഥികള്‍

നിത അംബാനിക്ക് പുറമെ വന്‍ വ്യവസായി ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി, യുകെ ആസ്ഥാനമായുള്ള ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തല്‍ എന്നിവരുടെ പേരുകളും വിസിറ്റിങ് പ്രൊഫസര്‍ സ്ഥാനത്തേക്ക് കണ്ടിരുന്നതായി സര്‍വ്വകലാശാല അധികൃതര്‍ സ്ഥിരീകരിച്ചു

Update: 2021-03-17 08:59 GMT

ലഖ്‌നൗ: ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ വിസിറ്റിംഗ് പ്രൊഫസറായി റിലയന്‍സ് ഫൗണ്ടേഷന്‍ ചെയര്‍പേഴ്‌സണ്‍ നിത അംബാനിയെ നിയമിക്കാനുള്ള നീക്കത്തിനെതിരേ വിദ്യാര്‍ഥികള്‍. വൈസ് ചാന്‍സലര്‍ രാകേഷ് ഭട്‌നഗറിന്റെ വസതിക്ക് പുറത്ത് വിദ്യാര്‍ഥികള്‍ പ്രതിഷേധം സംഘടിപ്പിക്കുകയും തീരുമാനം മാറ്റണമെന്ന് ആവശ്യപ്പെട്ട് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.


കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ് സോഷ്യല്‍ സയന്‍സസ് വിഭാഗം വനിതാ പഠന കേന്ദ്രത്തില്‍ വിസിറ്റിംഗ് ഫാക്കല്‍റ്റിയായി ചേരണമെന്ന് അഭ്യര്‍ഥിച്ച് നിത അംബാനിക്ക് കത്തയച്ചത്. ശതകോടീശ്വരന്‍ വ്യവസായി മുകേഷ് അംബാനിയുടെ ഭാര്യ നിത അംബാനിയെ വിസിറ്റിംഗ് പ്രൊഫസറായി നിയമിക്കുന്നതിലൂടെ സര്‍വകലാശാല തെറ്റായ മാതൃകയാണ് സൃഷ്ടിക്കുന്നതെന്ന് വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഒരു ധനികന്റെ ഭാര്യയായിരിക്കുക എന്നത് ഒരു യോഗ്യതയല്ല , ഇത്തരം ആളുകള്‍ക്ക് മാതൃകയാകാന്‍ കഴിയില്ല. സ്ത്രീ ശാക്തീകരണത്തെക്കുറിച്ച് സംസാരിക്കുകയാണെങ്കില്‍, അരുണിമ സിന്‍ഹ, ബചേന്ദ്രി പാല്‍, മേരി കോം, അല്ലെങ്കില്‍ കിരണ്‍ ബേദി എന്നിവരെയാണ് ക്ഷണിക്കേണ്ടതെന്നും വിദ്യാര്‍ഥികള്‍ പറയുന്നത്.


നിത അംബാനിക്ക് പുറമെ വന്‍ വ്യവസായി ഗൗതം അദാനിയുടെ ഭാര്യ പ്രീതി അദാനി, യുകെ ആസ്ഥാനമായുള്ള ഉരുക്ക് വ്യവസായി ലക്ഷ്മി മിത്തലിന്റെ ഭാര്യ ഉഷ മിത്തല്‍ എന്നിവരുടെ പേരുകളും വിസിറ്റിങ് പ്രൊഫസര്‍ സ്ഥാനത്തേക്ക് കണ്ടിരുന്നതായി സര്‍വ്വകലാശാല അധികൃതര്‍ സ്ഥിരീകരിച്ചു. ഇതില്‍ നിത അംബാനിക്കു മാത്രമാണ് കത്തയച്ചത്. അതേസമയം ബനാറസ് ഹിന്ദു സര്‍വ്വകലാശാലയില്‍ നിന്നും നിത അംബാനിക്ക് ക്ഷണം ലഭിച്ചിട്ടില്ലെന്ന് റിലയന്‍സ് ഇന്‍ഡസ്ട്രീസ് ലിമിറ്റഡ് പറഞ്ഞു.




Tags:    

Similar News