ഹിന്ദുത്വരുടെ പ്രതിഷേധത്തിനൊടുവില്‍ മുസ്‌ലിം സംസ്‌കൃതം പ്രഫസര്‍, ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മറ്റൊരു വിഭാഗത്തില്‍ ജോലിക്കപേക്ഷിച്ചു

നേരത്തെ സംസ്‌കൃതവിഭാഗത്തില്‍ അദ്ദേഹത്തിന് നിയമനം ലഭിച്ചിരുന്നെങ്കിലും ഹിന്ദുത്വരായ ഏതാനും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം മൂലം ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.

Update: 2019-11-26 07:49 GMT

ബനാറസ്: മുസ്‌ലിമായതിന്റെ പേരില്‍ ഹിന്ദുത്വ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തിന് വിധേയനായ സംസ്‌കൃതാധ്യാപകന്‍ ഫിറോസ് ഖാന്‍ ബനാറസ് ഹിന്ദു സര്‍വകലാശാലയില്‍ മറ്റൊരു വിഭാഗത്തില്‍ ജോലിക്കപേക്ഷിച്ചു. സര്‍വകലാശാലയിലെ ആയുര്‍വേദ വിഭാഗത്തിലേക്കാണ് അദ്ദേഹം പുതുതായി അപേക്ഷ അയച്ചത്.

നേരത്തെ സംസ്‌കൃതവിഭാഗത്തില്‍ അദ്ദേഹത്തിന് നിയമനം ലഭിച്ചിരുന്നെങ്കിലും ഹിന്ദുത്വരായ ഏതാനും വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം മൂലം ജോലിയില്‍ പ്രവേശിക്കാന്‍ കഴിഞ്ഞിരുന്നില്ല.

മുസ്‌ലിമായ ഉദ്യോഗാര്‍ത്ഥിയെ സംസ്‌കൃതം ഫാക്കല്‍ട്ടിയില്‍ അസി. പ്രഫസറായി നിയമിച്ചുവെന്നാരോപിച്ചായിരുന്നു എബിവിപി, ഹിന്ദു മഹാസഭ തുടങ്ങിയവയുടെ പ്രവര്‍ത്തകര്‍ പ്രതിഷേധം തുടങ്ങിയത്. ഫിറോസ് ഖാന്റെ നിയമനം റദ്ദ് ചെയ്യണമെന്നാണ് ആവശ്യം. മുസ്ലിമായ ഒരാള്‍ സംസ്‌കൃത അധ്യാപകനായി നിയമിക്കപ്പെടുന്നത് ബനാറസ് ഹിന്ദു സര്‍വകലാശാലയുടെ സ്ഥാപകരുടെ ആശയങ്ങള്‍ക്ക് എതിരാണെന്ന് സമരക്കാര്‍ വാദിച്ചു.

എന്നാല്‍ സര്‍വകലാശാല അധികൃതര്‍ ഫിറോസ് ഖാന്റെ നിയമനത്തെ പ്രതിരോധിച്ചു. ഇന്റര്‍വ്യൂ ബോര്‍ഡ് ഐക്യകണ്‌ഠേനയാണ് അധ്യാപകനെ തിരഞ്ഞെടുത്തതെന്നും ലിസ്റ്റിലെ ഏറ്റവും യോഗ്യതയുള്ളയാളുമായിരുന്നു അദ്ദേഹമെന്നും സര്‍വ്വകലാശാല പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറഞ്ഞു. വൈസ് ചാന്‍സ്‌ലര്‍ കൂടി അംഗമായ സ്‌ക്രീനിങ് കമ്മറ്റിയാണ് നിയമനം നടത്തിയത്. പഠനത്തിലും അധ്യാപനത്തിലും തുല്യഅവസരമെന്ന മൂല്യമുയര്‍ത്തിയാണ് ബനാറസ് ഹിന്ദു സര്‍വ്വകലാശാല രൂപീകൃതമായതെന്നും രാഷ്ട്രനിര്‍മ്മാണത്തിന്റെ ഭാഗാമാണിതെന്നും സര്‍വ്വകലാശാല വ്യക്തമാക്കി.


Tags:    

Similar News