പിന്നാക്ക വിഭാഗങ്ങള്‍ക്ക് നല്‍കിയ ആനുകൂല്യങ്ങള്‍; സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം
ദമാം: പിന്നാക്ക വിഭാഗങ്ങളുടെ സാമൂഹ്യാവസ്ഥയും ഓരോ വിഭാഗത്തിനും കഴിഞ്ഞ 25വര്‍ഷം ലഭിച്ചിട്ടുള്ള വിവിധ ആനുകൂല്യങ്ങളെ കുറിച്ചും സര്‍ക്കാര്‍ ധവളപത്രം ഇറക്കണമെന്ന് ഇന്ത്യന്‍ സോഷ്യല്‍ ഫോറം ദമാം കേരള ഘടകം വൈസ് പ്രസിഡന്റ് നാസര്‍ ഒടുങ്ങാട്, സെക്രട്ടറി മുബാറക് പൊയില്‍ തൊടി എന്നിവര്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. മുസ്‌ലിം പിന്നാക്കാവസ്ഥ പരിഹരിച്ച് സാമൂഹിക നീതി ഉറപ്പാക്കുന്നതിന് പത്ത് വര്‍ഷമായി സംസ്ഥാനത്ത് നടപ്പാക്കി വന്നിരുന്ന സ്‌കോളര്‍ഷിപ്പ് പദ്ധതികള്‍ പോലും കേരള ഹൈക്കോടതിയുടെ 2021 മെയ് 28 ലെ വിധി മൂലം അട്ടിമറിക്കപ്പെട്ടിരിക്കുകയാണ്.
മുസ്‌ലിംകളെ മാത്രമല്ല, ദലിത് ക്രൈസ്തവരെയും പരിവര്‍ത്തിത ക്രൈസ്തവരെയും ഈ വിധി പ്രതികൂലമായി ബാധിക്കും എന്നതില്‍ ഒരു സംശയവും ഇല്ല. സാമൂഹികനീതി സംരക്ഷിക്കേണ്ടത് ഭരണകൂടത്തിന്റെ ബാധ്യതയാണ്. പിന്നാക്ക വിഭാഗക്കാര്‍ക്ക് അര്‍ഹമായ അവകാശങ്ങളും ആനുകൂല്യങ്ങളും നിഷേധിക്കുന്ന തരത്തില്‍ സവര്‍ണ ഫാഷിസ്റ്റ് -സംഘടിത വിഭാഗങ്ങളുടെ ഗൂഢാലോചനക്ക് സര്‍ക്കാര്‍ വഴങ്ങരുത്.
സംസ്ഥാനത്ത് സാമൂഹികനീതി നടപ്പാക്കുന്നത് പ്രതിസന്ധിയിലായതിന് പ്രധാന ഉത്തരവാദി സര്‍ക്കാരാണ്. കള്ള പ്രചരണങ്ങളുടെ അടിസ്ഥാനത്തില്‍ കോടതിയില്‍ പാലോളി കമ്മറ്റിയുടെ പ്രസക്തിയും വസ്തുതകളും ചോദ്യം ചെയ്യപ്പെട്ടപ്പോള്‍ മറു സത്യവാങ്മൂലം മാത്രം നല്‍കി രക്ഷപ്പെടുകയാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ ചെയ്തത്. ആശയക്കുഴപ്പങ്ങളെല്ലാം പരിഹരിക്കേണ്ടതും സാമൂഹികാന്തരീക്ഷം സമാധാനപരമായി കാത്തു സൂക്ഷിക്കേണ്ടതും സര്‍ക്കാറിന്റെ ബാധ്യതയാണ്. ഇതിനെ കുറിച്ച് മുഖ്യമന്ത്രിയുടെ ഒളിച്ചുകളി അവസാനിപ്പിക്കണം. കേരള ജനസംഖ്യയുടെ പകുതിയോളം വരുന്ന മുസ്‌ലിംകള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമിടയില്‍ ബോധപൂര്‍വ്വമായ അകല്‍ച്ചയും വിദ്വേഷവും സൃഷ്ടിച്ച് തിരഞ്ഞെടുപ്പ് നേട്ടം കൊയ്യുന്ന ധ്രുവീകരണ രാഷ്ട്രീയമാണ് യുഡിഎഫും എല്‍ഡിഎഫും പയറ്റുന്നത്.
ഒരേ തരം സ്‌കോളര്‍ഷിപ്പുകളില്‍ തന്നെ പിന്നാക്ക വിഭാഗങ്ങള്‍ക്കുള്ളതിനേക്കാള്‍ വലിയ തുകയാണ് മുന്നാക്ക വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ നല്‍കി വരുന്നത്. ഇത്തരം വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും ഇരുവരും പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.