ബംഗാള്‍: തിരഞ്ഞെടുക്കപ്പെട്ടാല്‍ ബിഷ്ണുപൂരിലെ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ 100 കോടി നല്‍കുമെന്ന് അമിത് ഷാ
ബങ്കുറ: പശ്ചിമ ബംഗാളില്‍ ബിജെപിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ ഭരണം പിടിക്കുകയാണെങ്കില്‍ ബിഷ്ണുപൂരിലെ ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ നൂറ് കോടി മാറ്റിവയ്ക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.
''ബിഷ്ണുപൂര്‍ ക്ഷേത്രങ്ങളുടെ നഗരമാണ്. ഇവിടെ നിരവധി ലോകപ്രശസ്തമായ ക്ഷേത്രങ്ങളുണ്ട്. പക്ഷേ, ആരും ഇവ വേണ്ട വിധം പരിപാലിക്കുന്നില്ല. ബിജെപി ജയിച്ചുവരികയാണെങ്കില്‍ ഇവിടെ ക്ഷേത്ര പുനരുദ്ധാരണത്തിനായി നൂറ് കോടി ചിലവഴിക്കും''- അമിത് ഷാ പറഞ്ഞു. ബിഷ്ണുപൂരിലെ ബങ്കുറയില്‍ തിരഞ്ഞെടുപ്പ് യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ബംഗാളിലെ ഹെറിറ്റേജ് നഗരമായി കണക്കാക്കുന്ന നഗരമാണ് ബിഷ്ണുപൂര്‍. ഇവിടത്തെ ടെറാക്കോട്ട ശില്‍പ്പങ്ങള്‍ ഏറെ പ്രശസ്തമാണ്.
മമതയുടെ നേതൃത്വത്തില്‍ ബംഗാളില്‍ വികസനം സാധ്യമല്ലെന്ന് അമിത് ഷാ അഭിപ്രായപ്പട്ടു.
ബങ്കുറയില്‍ ഇപ്പോള്‍ മൊബൈല്‍ നെറ്റ് വര്‍ക്ക് പോലും ലഭിക്കുന്നില്ലന്നും സംസ്ഥാനത്ത് ഒരു ലക്ഷം വിദ്യാര്‍ത്ഥികള്‍ക്ക് 13 കോളജുകള്‍ മാത്രമാണ് ഉള്ളതെന്നും അമിത് ഷാ പറഞ്ഞു.
ബംഗാളില്‍ സരസ്വതി പൂജ നടക്കുന്നുണ്ടോ എന്നും ദുര്‍ഗാപൂജ നടക്കുന്നുണ്ടോ എന്നും ചോദിച്ച അമിത് ഷാ വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഭാഗമായാണ് ഇത്തരം പൂജനകള്‍ നിരോധിച്ചതെന്നും ആരോപിച്ചു.
മാര്‍ച്ച് 27 മുതല്‍ എട്ട് ഘട്ടങ്ങളായാണ് ബംഗാളില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. അതില്‍ ആദ്യ ഘട്ട തിരഞ്ഞെടുപ്പിന്റെ പരസ്യപ്രചാരണം അവസാനിച്ചു.