ബംഗാള്‍: അഞ്ച് തൃണമൂല്‍ വിമതര്‍ ഡല്‍ഹിയില്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി
ന്യൂഡല്‍ഹി: തൃണമൂല്‍ കോണ്‍ഗ്രസ്സില്‍ നിന്ന് കഴിഞ്ഞ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ പുറത്തുപോയ അഞ്ച് വിമത നേതാക്കള്‍ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ വച്ചായിരുന്നു കൂടിക്കാഴ്ച. അതിനുശേഷം അഞ്ചുപേരും ബിജെപിയില്‍ അംഗത്വമെടുത്തു. തൃണമൂലില്‍ നിന്ന് ബിജെപിയിലേക്കുള്ള ഒഴുക്കില്‍ അവസാനത്തേതാണ് ഇത്.
മുന്‍ ബംഗാള്‍ മന്ത്രി രാജിബ് ബാനര്‍ജി, ബൈശാലി ഡാല്‍മിയ, മുന്‍ ഹൗറ മേയര്‍ രതിന്‍ ചക്രബര്‍ത്തി, നടന്‍ രുദ്രാനില്‍ ഘോഷ്, പ്രബീര്‍ ഘോഷാല്‍ തുടങ്ങിയവരാണ് ചാര്‍ട്ടേഡ് വിമാനത്തില്‍ ഡല്‍ഹിയിലെത്തി അമിത്ഷായെ കണ്ടത്.
''മുന്‍ തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കളായ രാജിബ് ബാനര്‍ജി, ബൈശാലി ദാല്‍മിയ, പ്രബീര്‍ ഘോഷാല്‍, രതിന്‍ ചക്രബര്‍ത്തി, രുദ്രനില്‍ ഘോഷ് എന്നിവര്‍ ഇന്ന് ന്യൂഡല്‍ഹില്‍വച്ച് ബിജെപിയില്‍ അംഗത്വമെടുത്തു. ഇവരുടെ പാര്‍ട്ടിയിലേക്കുള്ള കടന്നുവരവ് ബംഗാളിനുവേണ്ടിയുളള ബിജെപിയുടെ പോരാട്ടത്തെ ശക്തിപ്പെടുത്തും''- അമിത് ഷാ ട്വീറ്റ് ചെയ്തു.
രാജിബ് ബാനര്‍ജി കഴിഞ്ഞ ദിവസമാണ് ഹൗറയിലെ ദോജൂര്‍ സീറ്റില്‍ നിന്ന് രാജിവച്ചത്. ഡാല്‍മിയ ബല്ല സീറ്റിലെ സിറ്റിങ് എംഎല്‍എയാണ്. ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് അവരെ പാര്‍ട്ടിവിരുദ്ധപ്രവര്‍ത്തനത്തിന്റെ പേരില്‍ പുറത്താക്കുന്നത്. പ്രബീര്‍ ഘോഷാല്‍ ഉത്തര്‍പാറാല്‍ എംഎല്‍എയാണ്. നേരത്തെ സിപിഎം അനുഭാവിയായിരുന്നു ഘോഷാല്‍ ഏതാനും വര്‍ഷം മുമ്പാണ് തൃണമൂലില്‍ ചേര്‍ന്നത്. ഡാല്‍മിയ ബിസിസിഐ മുന്‍ പ്രസിഡന്റ് ജഗ്‌മോഹന്‍ഡാല്‍മിയയുടെ മകളാണ്. 2016ലാണ് രാഷ്ട്രീയത്തിലിറങ്ങിയത്. ഘോഷാല്‍ മാധ്യമപ്രവര്‍ത്തകനാണ്, പിന്നീടാണ് തൃണമൂലിലെത്തിയത്.