ബംഗാള്‍: മമതാ ബാനര്‍ജിതന്നെ മുഖ്യമന്ത്രി; സത്യപ്രതിജ്ഞാച്ചടങ്ങുകള്‍ മെയ് അഞ്ചിന്

Update: 2021-05-03 15:07 GMT

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി മെയ് അഞ്ചാം തിയ്യതി സത്യപ്രതിജ്ഞ ചെയ്ത് മുഖ്യമന്ത്രിയായി സ്ഥാനമേല്‍ക്കും. തുടര്‍ച്ചയായി മൂന്നാം തവണയാണ് മമത മുഖ്യമന്ത്രിയാവുന്നത്. തൃണമൂല്‍ നേതാവ് പാര്‍ത്ഥാ ചാറ്റര്‍ജിയാണ് മമതയെത്തന്നെ മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ച വിവരം അറിയിച്ചത്.

294 അംഗ നിയമസഭയില്‍ 213 സീറ്റാണ് തൃണമൂല്‍ നേടിയത്. ഭരിക്കുന്ന പാര്‍ട്ടിക്ക് 148 സീറ്റാണ് ആവശ്യം. തൊട്ടടുത്ത എതിരാളിയായ ബിജെപിക്ക് 77 സീറ്റാണ് ലഭിച്ചത്.

ഇന്ന് ചേര്‍ന്ന തൃണമൂല്‍ ലജിസ്‌ളേറ്റീവ് പാര്‍ട്ടി യോഗമാണ് മമതയെ വീണ്ടും മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. മെയ് ആറാം തിയ്യതി തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളുടെ സത്യപ്രതിജ്ഞ നടക്കും.

ബിമന്‍ ബാനര്‍ജിയാണ് സ്പീക്കര്‍. അതുവരെ സുബ്രത മുഖര്‍ജിയെ പ്രോടൈം സ്പീക്കറാക്കും.

നന്ദിഗ്രാമില്‍ നിന്ന് മല്‍സരിച്ചെങ്കിലും മമതാ ബാനര്‍ജി തിരഞ്ഞെടുപ്പില്‍ പരാജയപ്പെടുകയായിരുന്നു.

തോറ്റ സ്ഥിതിക്ക് മമതയെ മുഖ്യമന്ത്രിയാക്കാമോയെന്ന ചോദ്യത്തിന് മമതയെ മുഖ്യമന്ത്രിയാക്കുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്ന് പാര്‍ത്ഥാ ചാറ്റര്‍ജിപറഞ്ഞു. മാത്രമല്ല, മമതയുടെ തിരഞ്ഞെടുപ്പ് ഫലം തിരഞ്ഞെടുപ്പ് കമ്മീഷന്റെ പരിഗണനയിലാണെന്നും അദ്ദേഹം പറഞ്ഞു.

ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 164-2 പ്രകാരം നിയമസഭയില്‍ അംഗമല്ലാത്തയാള്‍ക്കും ആറ് മാസം മുഖ്യമന്ത്രിയായി തുടരാം.

Tags:    

Similar News