അഖിലേന്ത്യാ സര്‍വീസ് ചട്ടം ലംഘിച്ചു; വിവാദമരം മുറി ഉത്തരവ് പുറപ്പെടുവിച്ച ബെന്നിച്ചനെ സസ്‌പെന്റ് ചെയ്തുള്ള ഉത്തരവിറങ്ങി
ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
തിരുവനന്തപുരം: മുല്ലപ്പെരിയാര്‍ വിവാദ മരംമുറി ഉത്തരവിറക്കിയ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍ ബെന്നിച്ചന്‍ തോമസിനെ സസ്‌പെന്റ് ചെയ്തുള്ള ഉത്തരവിറങ്ങി. ബെന്നിച്ചന്‍ തോമസ് ഔദ്യോഗിക കൃത്യനിര്‍വഹണം ലംഘിച്ചെന്നാണ് ഉത്തരവില്‍ പറയുന്നത്.
അഖിലേന്ത്യാ സര്‍വീസ് ചട്ടം ലഘിച്ചു, സര്‍ക്കാരിനെതിരേ നിലപാട് സ്വീകരിച്ചു തുടങ്ങിയ കുറ്റങ്ങളാണ് ഉത്തരവില്‍ പറയുന്നത്.
മുഖ്യമന്ത്രിയുടെ ഓഫിസ് അറിയിച്ചത്
'മുല്ലപ്പെരിയാര്‍ ബേബി ഡാമിന് അരികെയുള്ള പാട്ട ഭൂമിയിലെ 15 മരങ്ങളും കുറ്റിച്ചെടികളും തൈകളും മുറിക്കാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ (വന്യജീവി)& ചീഫ് വൈല്‍ഡ്‌ലൈഫ് വാര്‍ഡന്‍ നവംബര്‍ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദ് ചെയ്യാന്‍ വനംവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്‍കി.
അന്തര്‍ സംസ്ഥാന ബന്ധങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ തീരുമാനം കൈക്കൊള്ളുന്നതിന് മുമ്പ് മന്ത്രിസഭയുടെ പരിഗണനയക്ക് സമര്‍പ്പിക്കേണ്ടതാണെന്ന് കേരള സര്‍ക്കാരിന്റെ റൂള്‍സ് ഓഫ് ബിസിനസില്‍ നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. ആവശ്യമായ കേന്ദ്ര സര്‍ക്കാര്‍ അനുമതി ലഭ്യമാകാതെയും സംസ്ഥാന സര്‍ക്കാരിന്റെ അനുമതി ഇല്ലാതെയും പുറപ്പെടുവിച്ച ഉത്തരവ് നിയമപരമായി നിലനില്‍ക്കാത്തതിനാലാണ് റദ്ദ് ചെയ്യാന്‍ തീരുമാനിച്ചത്'.
നേരത്തെ ഇക്കാര്യത്തില്‍ സര്‍ക്കാര്‍ എജിയുടെ നിയമോപദേശം തേടിയിരുന്നു. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നടപടി.
ഒരാളില്‍ മാത്രം കുറ്റം ആരോപിക്കുന്നതിനെതിരേ ഉദ്യോഗസ്ഥര്‍ക്കിടയില്‍ അമര്‍ഷമുണ്ട്. രാഷ്ട്രീയ തലത്തില്‍ തീരുമാനം എടുക്കാതെ ഇങ്ങനെ ഒരു ഉത്തരവ് ഇറക്കല്‍ അസാധ്യമാണെന്നാണ് വിമര്‍ശനം.
മുല്ലപ്പെരിയാറിലെ ബേബി ഡാം ബലപ്പെടുത്താന്‍ 15 മരങ്ങള്‍ മുറിക്കാന്‍ കേരളം അനുമതി നല്‍കിയ ഉത്തരവ് റദ്ദാക്കിക്കൊണ്ടുള്ള ഉത്തരവും പുറത്തിറങ്ങി. വനംവകുപ്പ് സെക്രട്ടറിയാണ് റദ്ദാക്കല്‍ ഉത്തരവിറക്കിയത്. മന്ത്രിസഭ അറിയാതെയാണ് മരംമുറി ഉത്തരവെന്നാണ് സര്‍ക്കാര്‍ വാദം.