ജന്‍ഡര്‍ ന്യൂട്രാലിറ്റിയെയും ലിബറലിസത്തെയും കരുതിയിരിക്കുക: അല്‍ ഹാദി അസോസിയേഷന്‍
തിരുവനന്തപുരം: നിഗൂഢ താല്‍പര്യങ്ങളോടെ ഇടത് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്ന സ്‌കൂളുകളിലെ ജന്‍ഡര്‍ ന്യൂട്രാലിറ്റിയെ ശക്തമായി എതിര്‍ത്ത് തോല്‍പ്പിക്കാന്‍ അല്‍ ഹാദി അസോസിയേഷന്റെ നേതൃത്വത്തില്‍ നടന്ന സെമിനാര്‍ മതേതര വിശ്വാസികളെ ആഹ്വാനം ചെയ്തു.
ഇന്ത്യാ മഹാരാജ്യത്തിനും സര്‍വ്വോപരി കേരള മണ്ണിനും പരിചയമുള്ള ഒരു സംസ്‌കാരമുണ്ട്. വികലമായ പുരോഗമന ചിന്തയുടെയും സാംസ്‌കാരിക പാപ്പരത്തത്തിന്റെയും പേരില്‍ മാര്‍ക്‌സിസ്റ്റ് കുടില ബുദ്ധിയില്‍ ഉദയം കൊള്ളുന്നതാണ് ഇത്തരം ആശയങ്ങള്‍. കേരളത്തിലെ കലാലയങ്ങളിലും യുവ മനസ്സുകളിലും പ്രതിലോമ ശക്തികള്‍ നിക്ഷേപിക്കുന്ന മതനിഷേധവും മൂല്യനിരാസവും സമൂഹത്തില്‍ സൃഷ്ടിക്കുന്ന പ്രത്യാഘാതങ്ങള്‍ വളരെ വലുതാണ്. കുടുംബസംവിധാനങ്ങള്‍ക്കും ദാമ്പത്യ ബന്ധങ്ങള്‍ക്കും സമൂഹം കല്‍പ്പിക്കുന്ന ആദരവും പവിത്രതയും തകര്‍ക്കുന്ന സംവിധാനമാണ് ലിബറലിസവും ജന്‍ഡര്‍ ന്യൂട്രാലിറ്റിയുമൊക്കെ. മുതിര്‍ന്ന ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും ഇടകലര്‍ത്തി ഇരുത്തുന്നതും പെണ്‍കുട്ടികളെ ആണ്‍വേഷം കെട്ടിക്കാന്‍ മെനക്കെടുന്നതും ഏതാനും ചില ആള്‍ക്കാര്‍ക്ക് മാത്രം പഥ്യമായ കാര്യങ്ങളാണ്. അത്തരം താല്‍പര്യങ്ങളെ പൊതുവിദ്യാലയങ്ങളില്‍ അടിച്ചേല്‍പ്പിക്കാനുള്ള ഏതു ശ്രമവും അപലപനീയവും അസ്വസ്ഥതകള്‍ സൃഷ്ടിക്കുന്നതുമാണ്. പൊതു വിദ്യാലയങ്ങളിലേക്കുള്ള കുട്ടികളുടെ ഒഴുക്കിനെ ഇത്തരം അശാസ്ത്രീയ നടപടികള്‍ പിന്നോട്ടടിപ്പിക്കുമെന്നതില്‍ സംശയമില്ല. ആത്യന്തികമായി അണ്‍ എയിഡഡ് സ്ഥാപനങ്ങളെ സഹായിക്കാനാണ് അത് വഴിവയ്ക്കുന്നത്. രാഷ്ട്രീയപാര്‍ട്ടികളുടെ പരസ്പരമുള്ള തര്‍ക്കവിതര്‍ക്കങ്ങള്‍ക്കിടയില്‍ പ്രവാചക അധ്യാപനങ്ങളെ അവഹേളിക്കാനും അപഹസിക്കാനും തല്‍പ്പര കക്ഷികള്‍ നടത്തുന്ന ബോധപൂര്‍വമായ നീക്കങ്ങളെ കരുതിയിരിക്കാനും അസോസിയേഷന്‍ ആഹ്വാനം ചെയ്തു.
കരമന അഷ്‌റഫ് മൗലവി അധ്യക്ഷത വഹിച്ചു. അബ്ദുല്‍ ഹമീദ് അന്‍വരി, ഹാഫിസ് ഹബീബുര്‍റഹ്മാന്‍, ആബിദ് മൗലവി, അര്‍ഷദ് മൗലവി, പാനിപ്ര ഇബ്രാഹീം മൗലവി, ഇല്‍യാസ് മൗലവി, അഹ്മദ് കബീര്‍ ബാഖവി തുടങ്ങിയവര്‍ സംസാരിച്ചു.