കോഴിക്കോട്: ഡിസംബര്‍ 24 മുതല്‍ 28 വരെ നടക്കുന്ന ബേപ്പൂർ ഇന്റര്‍നാഷണല്‍ വാട്ടര്‍ ഫെസ്റ്റിന്റെ ഒരുക്കങ്ങള്‍ ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം വിലയിരുത്തി. ഫെസ്റ്റിന്റെ ഭാഗമായി സാഹസിക വിനോദങ്ങളോടൊപ്പം മലബാറിന്റെ തനത് വിഭവങ്ങള്‍ ലഭ്യമാക്കുന്ന കൂടുതല്‍ ഫുഡ് കൗണ്ടറുകള്‍ കൂടി ഒരുക്കാന്‍ തീരുമാനിച്ചു. കോഴിക്കോടന്‍ വിഭവങ്ങളും മലബാറിന്റെ തനത് രുചികളും പരിചയപ്പെടുത്തുന്ന കൗണ്ടറുകളാണ് ഒരുക്കുക. കുടുംബശ്രീയുടെയും പ്രാദേശിക കച്ചവടക്കാരുടെയും സ്റ്റാളുകളും അനുവദിക്കും.
ഫെസ്റ്റിന്റെ ഭാഗമായി കടകളും റോഡിന്റെ ഇരുവശങ്ങളും പാലങ്ങളും ദീപാലംകൃതമാക്കുമെന്ന് ഇലുമിനേഷന്‍ കമ്മിറ്റി അറിയിച്ചു. ഫറോക്ക് പഴയ പാലം, പുതിയ പാലം, മാത്തോട്ടം എന്നീ പാലങ്ങളിൽ ജനകീയ പങ്കാളിത്തത്തോടെ ഇലുമിനേഷൻ ഒരുക്കും. ചാലിയം, പുലിമുട്ട് എന്നി സ്ഥലങ്ങളും ആകര്‍ഷണീയ രീതിയില്‍ അലങ്കരിക്കും. വ്യാപാരികളുടെ സഹകരണത്തോടെയാണ് കടകളും സമീപത്തുള്ള വൃക്ഷങ്ങളും ദീപാലംകൃതമാക്കുക. ഇതിനായി പ്രദേശത്തെ വ്യാപാരികളുടെ യോഗം വിളിച്ച് ചേര്‍ക്കും.
ഫെസ്റ്റിന്റെ പ്രചരണ പരിപാടികളുടെ ഭാഗമായി വാഹന പ്രചരണവും ബോര്‍ഡുകളും സ്ഥാപിക്കുമെന്ന് പ്രചരണ കമ്മിറ്റി അറിയിച്ചു. ബേപ്പൂരുമായി ബന്ധപ്പെട്ട ക്വിസ് മത്സരവും പ്രചരണ പരിപാടികളുടെ ഭാഗമായി നടത്തും. പ്രചരണ വാഹനങ്ങള്‍ ഫെസ്റ്റിന്റെ ഏഴു ദിവസം മുമ്പ് ആരംഭിക്കും. പൊതുജനങ്ങളെ ആകര്‍ഷിക്കാനായി എക്‌സിബിഷനും നടത്തും.
യോഗത്തില്‍ ജില്ലാ കലക്ടര്‍ ഡോ. എന്‍ തേജ് ലോഹിത് റെഡ്ഡി അധ്യക്ഷത വഹിച്ചു. ജില്ലാ വികസന സമിതി കമ്മീഷണര്‍ എം.എസ് മാധവിക്കുട്ടി, , ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ കെ. ദീപ, ഡെപ്യൂട്ടി കലക്ടര്‍ കെ.ഹിമ, ഡിടിപിസി സെക്രട്ടറി നിഖിൽ പി.ദാസ്, കെഎസ്ഇബി കല്ലായി എ.ഇ പി.വി ശ്രീജയ, ഫുഡ് കമ്മിറ്റി ചെയര്‍മാന്‍ കെ രാജീവ്,വാര്‍ഡ് കൗണ്‍സിലര്‍മാരായ സുരേഷ് കൊല്ലാറത്ത്,വാടിയില്‍ നവാസ്, വിവിധ കമ്മിറ്റി ഭാരവാഹികളായ എം സമീഷ്, എല്‍.യു അഭിധ്, പി.സുഭാഷ്, അജിത്ത് കുമാര്‍, മരക്കാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.