പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന് ഭഗവന്ത് മന്‍

Update: 2022-01-18 15:18 GMT

ഛണ്ഡീഗഢ്: അടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ആം ആദ്മി പാര്‍ട്ടി മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടുമെന്ന് മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗവന്ത് മന്‍. ടെലി വോട്ടിങ്ങിലൂടെ പാര്‍ട്ടിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതിന് തൊട്ടുപിന്നാലെയാണ് പാര്‍ട്ടി വമ്പിച്ച ഭൂരിപക്ഷത്തിന് വിജയിക്കുമെന്ന് ഭഗവന്ത് മന്‍ പ്രഖ്യാപിച്ചത്. മൂന്നില്‍ രണ്ട് ഭൂരിപക്ഷം നേടാന്‍ പരിശ്രമിക്കുമെന്നും പഞ്ചാബിനെ വീണ്ടും 'റംഗ്ല പഞ്ചാബാ'ക്കി മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍ യുവാക്കളുടെ തൊഴിലില്ലായ്മ ഇല്ലാതാക്കാനും മയക്കുമരുന്ന് ഉപയോഗത്തിനെതിരേയും പ്രവര്‍ത്തിക്കും. സംസ്ഥാനത്തെ ഏറ്റവും ഗുരുതരമായ പ്രശ്‌നം അതാണെന്നും അദ്ദേഹം പറഞ്ഞു.

''തൊഴിലില്ലായ്മ പഞ്ചാബിലെ ഏറ്റവും വലിയ പ്രശ്‌നമാണ്. അതിന്റെ ഭീതിയില്‍ എല്ലാവരും നാട് വിടുകയാണ്. സംസ്ഥാനത്തെ മാഫിയ ഭരണം അവസാനിപ്പിക്കും- അദ്ദേഹം പറഞ്ഞു.

മൊഹാലിയില്‍ നടന്ന ചടങ്ങില്‍ ആം ആദ്മി പാര്‍ട്ടി ദേശീയ കണ്‍വീനറും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളാണ് മന്നിനെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുത്തതായി പ്രഖ്യാപിച്ചത്. സംഗ്രൂരില്‍നിന്ന് രണ്ടുവട്ടം ആം ആദ്മി പാര്‍ട്ടി എംപിയായിട്ടുള്ള നേതാവാണ് ഭഗവന്ത് മന്‍. ടെലിവോട്ടിങ്ങിലൂടെയാണ് മുഖ്യമന്ത്രി സ്ഥാനാര്‍ഥിയെ ആം ആദ്മി പാര്‍ട്ടി കണ്ടെത്തിയത്. തങ്ങള്‍ക്കിഷ്ടപ്പെട്ട മുഖ്യമന്ത്രി സ്ഥാനാര്‍ഥിക്ക് ഫോണിലൂടെയും വാട്‌സ് ആപ്പിലൂടെയും വോട്ടുചെയ്യാനായിരുന്നു പാര്‍ട്ടി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നത്. ഇതിനായി പ്രത്യേകം മൊബൈല്‍ നമ്പരും അവതരിപ്പിച്ചിരുന്നു.

Tags:    

Similar News