പഞ്ചാബ് ആര്‍ക്കൊപ്പം നില്‍ക്കും; സര്‍വ്വേ ഫലം പ്രവചിക്കുന്നത് ഇങ്ങനെ

വോട്ട് വിഹിതത്തിലും സീറ്റുകളുടെ എണ്ണത്തിലും ആം ആദ്മി പാര്‍ട്ടിക്ക് മൂന്‍തൂക്കം പ്രവചിക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിച്ചേക്കില്ലെന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്.

Update: 2022-02-06 14:33 GMT

ചണ്ഡിഗഢ്: നിയമസഭ തിരഞ്ഞെടുപ്പിന് ദിവസങ്ങള്‍ മാത്രം ശേഷിക്കേ പഞ്ചാബില്‍ തൂക്ക് സഭ പ്രവചിച്ച് സീ ന്യൂസ് സര്‍വ്വേ. വോട്ട് വിഹിതത്തിലും സീറ്റുകളുടെ എണ്ണത്തിലും ആം ആദ്മി പാര്‍ട്ടിക്ക് മൂന്‍തൂക്കം പ്രവചിക്കുമ്പോള്‍ തന്നെ സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിക്കാനുള്ള കേവല ഭൂരിപക്ഷം പാര്‍ട്ടിക്ക് ലഭിച്ചേക്കില്ലെന്നാണ് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നത്.

എഎപിക്ക് 39-42 സീറ്റുകളും കോണ്‍ഗ്രസിന് 38-41 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. മറുവശത്ത് എസ്എഡിക്ക് 25-28 സീറ്റുകള്‍ ലഭിക്കുമെന്നും സര്‍വ്വേ പ്രവചിക്കുന്നു.

30 ശതമാനം വോട്ട് വിഹിതമാണ് കോണ്‍ഗ്രസിന് സര്‍വ്വേ പ്രവചിക്കുന്നത്. എന്നാല്‍ എഎപിക്ക് 34 ശതമാനം വോട്ടുകളും സര്‍വ്വേ പ്രവചിക്കുന്നു. ശിരോമണി അകാലിദളിന് 25 ശതമാനം വോട്ടുകളും സര്‍വ്വേ പറയുന്നു. മാല്‍വ മേഖലയില്‍ ആം ആദ്മിക്കാണ് സര്‍വ്വേ മുന്‍തൂക്കം നല്‍കിയിരിക്കുന്നത്.36 ശതമാനം വോട്ടു വിഹിതമാണ് പാര്‍ട്ടിക്കിവിടെ പ്രവചിക്കുന്നത്. കോണ്‍ഗ്രസിന് 28 ശതമാനവും ശിരോമണി അകാലിദളിന് 24 ശതമാനം വോട്ടുകളും ലഭിക്കുമെന്ന് സര്‍വ്വേ പ്രവചിക്കുന്നു.

ഇവിടെ കോണ്‍ഗ്രസിന് 19-21 സീറ്റു വരേയും ആം ആദ്മിക്ക് 31-33 സീറ്റുവരേയുമാണ് പ്രവചനം ശിരോമണി അകാലിദളിന് 10-12 ഉം ബിജെപിക്ക് 24 സീറ്റുകളും പ്രവചിക്കുന്നു. ഇവിടെ മുഖ്യമന്ത്രിയായി ജനപ്രീതി കൂടുതല്‍ നേടിയത് ആം ആദ്മിയുടെ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ഭഗനന്ത് മന്‍ ആണ്.

ദോബ മേഖയില്‍ കോണ്ഡഗ്രസിനാണ് മുന്‍തൂക്കം. 32 ശതമാനം വോട്ട് വിഹിതമാണ് പ്രവചിക്കുന്നത്. ആം ആദ്മി പാര്‍ട്ടിക്ക് 27 ഉം ശിരോമണി അകാലിദളിനും 26 ശതമാനവും ലഭിച്ചേക്കും. കൂടാതെ, ഈ മേഖലയില്‍ നിന്ന് കോണ്‍ഗ്രസിന് 8-10 സീറ്റുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ട്, അതേസമയം എസ്എ ഡിക്ക് 6-7 സീറ്റുകളും മറുവശത്ത് എഎപിക്ക് 4-6 സീറ്റുകളും ലഭിച്ചേക്കും. നിലവിലെ മുഖ്യമന്ത്രി കൂടിയായ ചരണ്‍ ജിത്ത് സിംഗ് ചന്നിക്കാണ് മേഖലയില്‍ ജനപ്രീതി കൂടുതല്‍.

മഹ്ജ മേഖലയിലും കോണ്‍ഗ്രസിനാണ് സര്‍വ്വേയില്‍ മുതൂക്കം. 33 ശതമാനം വോട്ട് വിഹിതം ഇവിടെ പാര്‍ട്ടിക്ക് ലഭിച്ചേക്കുകയെന്ന് സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു. ഇവിടെ ആം ആദ്മിയേക്കാള്‍ ഒരു ശതമാനം വോട്ട് വിഹിതം എസ്എഡിക്ക് അധികമായി ലഭിക്കും.

എസ്എഡിക്ക് 27 ഉം ആം ആദ്മിക്ക് 26ഉം ആണ് പ്രവചിക്കുന്നത്.സീറ്റ് വിഹിതത്തിന്റെ കാര്യത്തില്‍ കോണ്‍ഗ്രസിന് 9-11 സീറ്റുകളും എസ്എഡിക്ക് 8-10 സീറ്റുകളും ലഭിക്കുമെന്നാണ് പ്രവചനം. മാത്രമല്ല, എഎപിക്ക് 3-5 സീറ്റുകള്‍ ലഭിക്കാനാണ് സാധ്യതയെന്നും സര്‍വ്വേ ചൂണ്ടിക്കാട്ടുന്നു.അതേസമയം മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഭാഗവന്തിനാണ് ഇവിടെ ജനപ്രീതി കൂടുതല്‍.

2017 ല്‍ 77 സീറ്റ് നേടിയായിരുന്നു പഞ്ചാബില്‍ കോണ്‍ഗ്രസ് അധികാരത്തിലേറിയത്. കഴിഞ്ഞ തവണ തങ്ങളുടെ കന്നി അങ്കത്തില്‍ 24 സീറ്റ് നേടി ഞെട്ടിക്കുന്ന പ്രകടനം കാഴ്ച വെച്ച ആം ആദ്മി പാര്‍ട്ടി ഇത്തവണ സംസ്ഥാനത്ത് കനത്ത പോരാട്ടമാണ് കാഴ്ച വെയ്ക്കുന്നത്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെ ഉള്‍പ്പെടെ നേരത്തേ തന്നെ പ്രഖ്യാപിച്ച് ശക്തമായ പ്രചരണമാണ് പാര്‍ട്ടി പഞ്ചാബില്‍ നടത്തുന്നത്.

Tags:    

Similar News