ഭാരത് ബന്ദ്: കെജ്രിവാള്‍ വീട്ടുതടങ്കലില്‍; എംഎല്‍എമാരെ മര്‍ദ്ദിച്ചതായും ആരോപണം

Update: 2020-12-08 05:51 GMT

ന്യൂഡല്‍ഹി: ഭാരത് ബന്ദിന്റെ ഭാഗമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ ഡല്‍ഹി പോലിസ് വീട്ടുതടങ്കലിലാക്കി. ആം ആദ്മി പാര്‍ട്ടി നേതാവ് സുഭാഷ് ഭരദ്വാജാണ് കെജ്രിവാളിനെ പോലിസ് വീട്ടുതടങ്കലിലാക്കിയ കാര്യം ട്വിറ്ററില്‍ പുറത്തുവിട്ടത്. മുഖ്യമന്ത്രിയുടെ വസതിയിലേക്ക് ആരെയും കടത്തിവിടുന്നില്ല. അകത്ത് നിന്ന് ആരെയും പുറത്തേക്കും വിടുന്നില്ല. നിരവധി ബിജെപി നേതാക്കള്‍ അദ്ദേഹത്തിന്റെ വസതിക്കു ചുറ്റും തടിച്ചുകൂടിയതായും റിപോര്‍ട്ടുണ്ട്. കഴിഞ്ഞ ദിവസം സിന്ധു അതിര്‍ത്തിയില്‍ കര്‍ഷകര്‍ക്ക് പിന്തുണയര്‍പ്പിച്ച് തിരിച്ചെത്തിയ ശേഷമാണ് പോലിസ് അദ്ദേഹത്തെ വീട്ടുതടങ്കലിലാക്കിയത്. അദ്ദേഹത്തെ സന്ദര്‍ശിക്കാനെത്തിയ എംഎല്‍എമാരെ മര്‍ദ്ദിച്ചതായും റിപോര്‍ട്ടുണ്ട്.

''ആരെയും അകത്തേക്ക് പോകാന്‍ അനുവദിക്കുന്നില്ല, മുഖ്യമന്ത്രിയെയും പുറത്തുവരാന്‍ അനുവദിക്കുന്നില്ല. ഇന്നലെ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്താനെത്തിയ എംഎല്‍എമാരെ പോലിസ് മര്‍ദ്ദിച്ചു. ജീവനക്കാരെയും അദ്ദേഹത്തെ കാണാന്‍ അനുവദിച്ചില്ല. ബിജെപി നേതാക്കളെ അദ്ദേഹത്തിന്റെ വസതിക്ക് പുറത്ത് തടിച്ചുകൂടിയിട്ടുണ്ട്''- സുഭാഷ് ഭരദ്വാജ് ട്വീറ്റ് ചെയ്തു.

സിന്ധു അതിര്‍ത്തിയില്‍ ഇന്നലെ മുഖ്യമന്ത്രി സമരം ചെയ്യുന്ന കര്‍ഷകരെ കണ്ടിരുന്നു. ഡല്‍ഹി സര്‍ക്കാര്‍ അവരെ പിന്തുണയ്ക്കുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു. അവിടെ നിന്ന് തിരിച്ചെത്തിയ ശേഷം ഡല്‍ഹി പോലിസ് അദ്ദേഹത്തിന്റെ വീട് വളയുകയായിരുന്നു. ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാണ് വീട്ടുതടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്- സുഭാഷ് ഭരദ്വാജിന്റെ മറ്റൊരു ട്വീറ്റില്‍ പറയുന്നു.

Tags:    

Similar News