ഭാരത് ബയോടെക്ക് കൊവാക്‌സിന്‍ ഉത്പാദനം കുറയ്ക്കുന്നു

Update: 2022-04-01 18:27 GMT

ഹൈദരാബാദ്: സര്‍ക്കാരിന്റെ സംഭരണ ഏജന്‍സികള്‍ക്ക് നല്‍കാനുളള വാക്‌സിന്‍ ഏറെക്കുറെ വിതരണം ചെയ്തുകഴിയുകയും ഡിമാന്റ് ഇടിയുകയും ചെയ്ത സാഹചര്യത്തില്‍ ഭാരത് ബയോടെക്ക് കൊവിഡ് വാക്‌സിനായ കൊവാക്‌സിന്‍ ഉത്പാദനം കുറയ്ക്കാന്‍ തീരുമാനിച്ചു. 

കമ്പനിയ്ക്കുള്ളിലെ സൗകര്യം വര്‍ധിപ്പിക്കാനും അതിനനുസരിച്ച് മാറ്റം വരുത്താനും ഈ സമയം ഉപയോഗപ്പടുത്തും. നിലവിലുള്ള എല്ലാ സൗകര്യങ്ങളും കൊവാക്‌സിന്‍ നിര്‍മാണത്തിനായി മാറ്റിവച്ചതിനാല്‍ മറ്റ് തരത്തിലുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതില്‍ വീഴ്ച സംഭവിച്ചിരുന്നു. അതുകൂടി കണ്ടുകൊണ്ടാണ് ഉത്പാദനം കുറയ്ക്കുന്നത്.

വാക്‌സിന്‍ ഉത്പാദനത്തിന്റെ സമയത്ത് ഗുണനിലവാരത്തില്‍ ഒരു വിട്ടുവീഴ്ചയും ചെയ്തിട്ടില്ലെന്ന് കമ്പനി അവകാശപ്പെട്ടു.

കഴിഞ്ഞ ദിവസം ലോകാരോഗ്യ സംഘടനയുടെ വിദഗ്ധര്‍ കമ്പനിയിലെത്തി ചില നിര്‍ദേശങ്ങള്‍ നല്‍കിയിരുന്നു. അതിനനുസരിച്ചുള്ള മാറ്റങ്ങളും വരുത്തുന്നുണ്ട്.

ലോകാരോഗ്യസംഘടനയുടെ കൊവിഡ് വാക്‌സിന്‍ പട്ടികയിലുള്ള വാക്‌സിനാണ് കൊവാക്‌സിന്‍. ഇന്ത്യയില്‍ തദ്ദേശീയമായി വികസിപ്പിച്ച് നിര്‍മിച്ചുകൊണ്ടിരിക്കുന്ന ഏക വാക്‌സിനുമാണ്. കൊവിഷീല്‍ഡ് ഇന്ത്യയില്‍ നിര്‍മിക്കുന്നുണ്ടെങ്കിലും വികസിപ്പിച്ചത് ഇന്ത്യക്ക് പുറത്താണ്. 

Tags:    

Similar News