ന്യൂഡല്‍ഹി: രാജ്യത്ത് ബൂസ്റ്റര്‍ ഡോസ് വാക്‌സിന്റെ മൂന്നാംഘട്ട പരീക്ഷണത്തിന് അനുമതി. ഭാരത് ബയോടെക്കിന്റെ മൂക്കിലൂടെ നല്‍കാവുന്ന നേസല്‍ വാക്‌സിന്‍ തുടര്‍പരീക്ഷണത്തിനാണ് ഡ്രഗ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ (ഡിജിസിഐ) സബ്ജക്റ്റ് എക്‌സ്‌പെര്‍ട്ട് കമ്മിറ്റി (എസ്ഇസി) തത്വത്തില്‍ അനുമതി നല്‍കിയത്. പരീക്ഷണം പൂര്‍ത്തിയാക്കിയാല്‍ മാര്‍ച്ചോടെ വാക്‌സിന്‍ പുറത്തിറക്കാനാണ് ആലോചിക്കുന്നത്. മൂന്നാംഘട്ട സുപ്പീരിയോറിറ്റി പഠനവും ബൂസ്റ്റര്‍ ഡോസ് പഠനവും നടത്തുന്നതിനാണ് അംഗീകാരം. അംഗീകാരത്തിനായി പ്രോട്ടോക്കോളുകള്‍ സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് എഎന്‍ഐ റിപോര്‍ട്ട് ചെയ്തു.
നേരത്തെ, ഹൈദരാബാദ് ആസ്ഥാനമായുള്ള വാക്‌സിന്‍ നിര്‍മാതാവായ ഭാരത് ബയോടെക് കൊവിഷീല്‍ഡ്, കൊവാക്‌സിന്‍ തുടങ്ങിയവ ഉപയോഗിച്ച് കൊവിഡ് പ്രതിരോധ കുത്തിവയ്പ്പ് നടത്തിയവര്‍ക്കായി ബൂസ്റ്റര്‍ ഡോസ് നിര്‍ദേശിച്ചിരുന്നു. ആരോഗ്യമുള്ള 5,000 വ്യക്തികളില്‍ ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താനാണ് വാക്‌സിന്‍ നിര്‍മാതാവ് പദ്ധതിയിടുന്നത്. അവരില്‍ പകുതി പേര്‍ക്കും കൊവിഷീല്‍ഡും ബാക്കി പകുതി പേര്‍ക്ക് കൊവാക്‌സിന്‍ കുത്തിവയ്പ്പുമാണ് നല്‍കിയിട്ടുളളത്. രണ്ടാമത്തെയും മൂന്നാമത്തെയും ഇന്‍ട്രാനാസല്‍ ബൂസ്റ്റര്‍ ഡോസിന് ഇടയില്‍ ആറ് മാസത്തെ ഇടവേളയാണ് കണക്കാക്കുന്നതെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ഡിസംബര്‍ പകുതിയോടെയാണ് കമ്പനി അതിന്റെ ഇന്‍ട്രാനാസല്‍ ബൂസ്റ്റര്‍ ഡോസിന് ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ നടത്താന്‍ അനുമതിക്കായി അപേക്ഷിച്ചത്. ഭാരത് ബയോടെക്കിന്റെ ഇന്‍ട്രാനാസല്‍ കൊവിഡ് വാക്‌സിന്‍ മൂക്കിലൂടെ നല്‍കുന്നു എന്നതുകൊണ്ട് സൂചി ഉപയോഗിക്കാത്തതാണ്. ഇത് എളുപ്പത്തില്‍ കൈകാര്യം ചെയ്യാന്‍ കഴിയും. കൂടാതെ പരിശീലനം ലഭിച്ച ആരോഗ്യപ്രവര്‍ത്തകരെ ആവശ്യമില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും വാക്‌സിന്‍ അനുയോജ്യമാണ്. ഒറ്റത്തവണ വാക്‌സിനായ റഷ്യയുടെ സ്പുട്‌നിക് ലൈറ്റ് വാക്‌സിന് അടിയന്തര ഉപയോഗ അംഗീകാരം നല്‍കുന്നതിനായി എസ്ഇസിയുടെ യോഗവും നടക്കുന്നുണ്ട്.