അസമിന് പിന്നാലെ മദ്‌റസകളെ ലക്ഷ്യമിട്ട് യോഗി സര്‍ക്കാരും; അംഗീകാരമില്ലാത്ത മദ്‌റസകളുടെ സര്‍വേ നടത്താന്‍ ഉത്തരവ്
ലഖ്‌നോ: അസമിന് പിന്നാലെ ഉത്തര്‍പ്രദേശിലും മദ്‌റസകള്‍ക്കെതിരേ ബുള്‍ഡോസര്‍ രാജിനൊരുങ്ങി യോഗി ആദിത്യനാഥിന്റെ നേതൃത്വത്തിലുള്ള സംഘപരിവാര്‍ ഭരണകൂടം. സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്ന അംഗീകാരമില്ലാത്ത മദ്‌റസകളുടെ സര്‍വേ നടത്താന്‍ യുപി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു. ഇതുസംബന്ധിച്ച് എല്ലാ ജില്ലാ മജിസ്‌ട്രേറ്റുകള്‍ക്കും കത്ത് നല്‍കിയിട്ടുണ്ട്. ബാലാവകാശ സംരക്ഷണ കമ്മീഷനില്‍ ലഭിക്കുന്ന പരാതികളുടെ അടിസ്ഥാനത്തിലാണ് സര്‍വേയെന്നാണ് സര്‍ക്കാരിന്റെ വാദം. അംഗീകാരമില്ലാത്ത മദ്‌റസകള്‍ പൊളിച്ചുനീക്കാന്‍ യോഗി ആദിത്യനാഥ് നിര്‍ദേശം നല്‍കിയതായും റിപോര്‍ട്ടുകളുണ്ട്. അംഗീകാരമില്ലാതെ പ്രവര്‍ത്തിക്കുന്ന മദ്‌റസകളുടെ സമഗ്രവിവരങ്ങള്‍ ശേഖരിക്കാനാണ് ഉത്തരവ്.
മദ്‌റസയുടെ പേര്, മദ്‌റസകളുടെ എണ്ണം, മദ്‌റസ നടത്തുന്ന സ്ഥാപനത്തിന്റെ വിവരങ്ങള്‍, അധ്യാപകരുടെയും വിദ്യാര്‍ഥികളുടെയും എണ്ണം, പഠിപ്പിക്കുന്ന സിലബസ്, കുടിവെള്ളം, ടോയ്‌ലറ്റ്, ഫര്‍ണിച്ചര്‍, വൈദ്യുതി തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍, മദ്‌റസ സ്വകാര്യകെട്ടിടത്തിലാണോ വാടകക്കെട്ടിടത്തിലാണോ പ്രവര്‍ത്തിക്കുന്നത് തുടങ്ങി എല്ലാ കാര്യങ്ങളെക്കുറിച്ചും അന്വേഷിക്കാന്‍ നിര്‍ദേശമുണ്ട്. പല മദ്‌റസകളും അംഗീകാരമില്ലാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാരോപിച്ചാണ് സര്‍ക്കാരിന്റെ നീക്കം.
മദ്‌റസയുടെ ഫണ്ടിന്റെ ഉറവിടം, ഏതെങ്കിലും സര്‍ക്കാര്‍ ഇതര സംഘടനകളുടമായി ബന്ധമുണ്ടോ തുടങ്ങിയ കാര്യങ്ങളും അന്വേഷണവിധേയമാക്കുമെന്ന് സംസ്ഥാന ന്യൂനപക്ഷ മന്ത്രി ഡാനിഷ് ആസാദ് അന്‍സാരി പറഞ്ഞു. ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷന്‍ നിര്‍ദേശമനുസരിച്ചാണ് സര്‍വേയെന്നും ഉടന്‍ സര്‍വേ നടപടികള്‍ തുടങ്ങുമെന്നും അദ്ദേഹം വ്യക്തമാക്കി. ഈ സര്‍വേയ്ക്ക് ശേഷം പുതിയ മദ്‌റസകള്‍ക്ക് അംഗീകാരം നല്‍കാനുള്ള നടപടികള്‍ സര്‍ക്കാര്‍ ആരംഭിക്കുമോ എന്ന ചോദ്യത്തിന്, നിലവില്‍ അംഗീകാരമില്ലാത്ത മദ്‌റസകളെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിക്കുക മാത്രമാണ് ചെയ്യുന്നതെന്നായിരുന്നു മന്ത്രിയുടെ മറുപടി.
നിലവില്‍ ഉത്തര്‍പ്രദേശില്‍ 16,461 മദ്‌റസകളുണ്ടെന്നാണ് കണക്കുകള്‍ പറയുന്നത്. അതില്‍ 560 എണ്ണത്തിന് സര്‍ക്കാര്‍ ഗ്രാന്റ് നല്‍കുന്നുണ്ട്. സംസ്ഥാനത്ത് കഴിഞ്ഞ ആറുവര്‍ഷമായി പുതിയ മദ്‌റസകളെ ഗ്രാന്റ് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. മദ്‌റസകളെ ലക്ഷ്യമിട്ടുള്ള സര്‍വേക്കെതിരേ എഐഎംഐഎം നേതാവ് അസദുദ്ദീന്‍ ഉവൈസി രംഗത്തെത്തി. ഒരു സമുദായത്തെ മാത്രം ലക്ഷ്യംവച്ചാണ് സര്‍ക്കാര്‍ നടപടിയെന്ന് അദ്ദേഹം ആരോപിച്ചു. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 30 പ്രകാരം സ്വകാര്യ മദ്‌റസകള്‍ നടത്താന്‍ മുസ്‌ലിംകള്‍ക്ക് അവകാശമുണ്ട്. അവിടെ സര്‍വേ നടത്തുന്നത് ഭരണഘടനാവിരുദ്ധമാണെന്നും ഇത് ഒരു സമുദായത്തെ അപമാനിക്കാനുള്ള ശ്രമമാണെന്നും അദ്ദേഹം പറഞ്ഞു. യുപി മദ്‌റസാ ബോര്‍ഡിന്റെ ശുപാര്‍ശകള്‍ക്ക് സര്‍ക്കാരില്‍ നിന്ന് പച്ചക്കൊടി ലഭിച്ചതായും മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്യുന്നു.
സംസ്ഥാനത്തെ എയ്ഡഡ് മദ്‌റസകളിലെ അധ്യാപകരെയും അനധ്യാപകരെയും ഇനി പരസ്പര സമ്മതത്തോടെ മാറ്റാമെന്ന് സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചതായി യുപി മദ്‌റസ വിദ്യാഭ്യാസ കൗണ്‍സില്‍ രജിസ്ട്രാര്‍ ജഗ്‌മോഹന്‍ സിങ് പറഞ്ഞു. ഇതിനുള്ള അപേക്ഷ രണ്ടുമാസത്തിനകം ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫിസര്‍ക്ക് അദ്ദേഹത്തിന്റെ ശുപാര്‍ശ സഹിതം രജിസ്ട്രാര്‍ മദ്‌റസ ബോര്‍ഡിന് കൈമാറണം.
രജിസ്ട്രാര്‍ ഒരുമാസത്തിനകം പരീക്ഷ നടത്തി തീരുമാനമെടുക്കും. ഇതിന് പുറമെ ഭരണസമിതിയില്‍ അഭിപ്രായവ്യത്യാസമുണ്ടെങ്കില്‍ മരിച്ചവരുടെ ആശ്രിത നിയമനത്തിനുള്ള ഉത്തരവുകള്‍ ജില്ലാ ന്യൂനപക്ഷ ക്ഷേമ ഓഫിസര്‍ക്കും പ്രിന്‍സിപ്പലിനും നല്‍കാവുന്നതാണ്. എയ്ഡഡ് മദ്‌റസകളില്‍ ജോലി ചെയ്യുന്ന അധ്യാപികമാര്‍ക്കും മറ്റ് വനിതാ ജീവനക്കാര്‍ക്കും ഇനി മറ്റ് വകുപ്പുകളെപ്പോലെ ആറ് മാസത്തെ പ്രസവ അവധി ലഭിക്കും. ഇതുകൂടാതെ കുട്ടികളെ പരിചരിക്കുന്നതിന് രണ്ടുവര്‍ഷത്തെ അവധിയുമുണ്ടായിരിക്കും.