ആലപ്പുഴ: രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്ന് കൊല്ലം ജില്ലയിലെ പര്യടനം പൂര്‍ത്തിയാക്കി ആലപ്പുഴ ജില്ലയില്‍ പ്രവേശിക്കും. രാവിലെ കരുനാഗപ്പള്ളി പുതിയകാവില്‍ നിന്നും ആരംഭിക്കുന്ന പദയാത്ര ഓച്ചിറ വഴിയാണ് ആലപ്പുഴ ജില്ലയിലെ കൃഷ്ണപുരത്ത് പ്രവേശിക്കുക. ഇന്നത്തെ പദയാത്ര ചേപ്പാട് എന്‍ടിപിസിയിലാണ് അവസാനിക്കുക. ചൊവ്വാഴ്ച വൈകീട്ടാണ് ജില്ലയിലെ പര്യടനം അവസാനിക്കുക. പദയാത്ര 4 ദിവസമാണ് ജില്ലയിലുണ്ടാവുക. 17ന് കൃഷ്ണപുരത്തുനിന്ന് തുടങ്ങി 20ന് അരൂരില്‍ സമാപിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ജില്ലയിലെ പര്യടനത്തില്‍ 9 സ്ഥലങ്ങളില്‍ പൊതുയോഗങ്ങളും കലാപരിപാടികളും നടക്കും.
യോഗങ്ങളില്‍ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പ്രസംഗിക്കും. എല്ലാ ദിവസവും സമാപന വേദികളില്‍ മാത്രം രാഹുല്‍ ഗാന്ധി ലഘുപ്രസംഗം നടത്തും. മൂന്നുദിവസം നീണ്ടുനിന്ന കൊല്ലം ജില്ലയിലെ യാത്രയില്‍ കശുവണ്ടി തൊഴിലാളികളോടും വിദ്യാര്‍ഥികളോടും കരിമണല്‍ ഖനന തൊഴിലാളികളോടും രാഹുല്‍ഗാന്ധി സംവദിച്ചു. വലിയ ജനപങ്കാളിത്തമാണ് കൊല്ലം ജില്ലയിലെ യാത്രയിലുണ്ടായത്.
വെള്ളിയാഴ്ച കരുനാഗപ്പള്ളിയില്‍ പര്യടനം പൂര്‍ത്തിയാക്കിയ ശേഷം രാഹുല്‍ ഗാന്ധി അമൃതാനന്ദമയി മഠത്തില്‍ സന്ദര്‍ശനം നടത്തി. അമൃതാനന്ദമയിയുമായി 45 മിനിറ്റോളം ചെലവഴിച്ച ശേഷമാണ് രാഹുല്‍ മടങ്ങിയത്. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ 150 ദിവസത്തെ ഭാരത് ജോഡോ യാത്രയ്ക്ക് സപ്തംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയിലാണ് തുടക്കം കുറിച്ചത്. തമിഴ്‌നാട്ടിലെ പര്യടനം പൂര്‍ത്തിയാക്കി ജാഥ ഇന്നലെയാണ് കേരളത്തില്‍ പ്രവേശിച്ചത്. സംസ്ഥാനത്ത് ഏഴു ജില്ലകളിലൂടെയാണ് യാത്ര കടന്നുപോവുന്നത്.