ഭാരത് ജോഡോ യാത്ര നാളെ കേരളത്തില്‍; ഏഴ് ജില്ലകളില്‍ പര്യടനം

Update: 2022-09-10 03:43 GMT

തിരുവനന്തപുരം: എഐസിസി മുന്‍ അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര നാളെ കേരളത്തിലെത്തും. പാറശാലയില്‍ രാഹുല്‍ ഗാന്ധിയേയും പദയാത്രികരേയും കെപിസിസി സ്വീകരിക്കും. ഞായറാഴ്ച രാത്രിയോടെ കേരള അതിര്‍ത്തിയായ പാറശാല ചേരുവരകോണത്ത് രാവിലെ ഏഴിന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍, പ്രതിപക്ഷനേതാവ് വി ഡി സതീശന്‍, എഐസിസി ജനറല്‍ സെക്രട്ടറി താരീഖ് അന്‍വര്‍, ഉമ്മന്‍ചാണ്ടി, രമേശ് ചെന്നിത്തല, കെ മുരളീധരന്‍ എംപി തുടങ്ങിയവര്‍ ചേര്‍ന്ന് ജാഥയെ സ്വീകരിക്കും.

കേരളത്തില്‍ ഏഴ് ജില്ലകളിലൂടെയാണ് ജോഡോ യാത്ര കടന്നുപോവുന്നത്. തിരുവനന്തപുരം മുതല്‍ തൃശൂര്‍ വരെ ദേശീയ പാതവഴിയും തുടര്‍ന്ന് നിലമ്പൂര്‍വരെ സംസ്ഥാന പാത വഴിയുമായിരിക്കും പദയാത്ര. തിരുവനന്തപുരം ജില്ലയില്‍ 11,12,13,14 തിയ്യതികളില്‍ പര്യടനം നടത്തി 14ന് ഉച്ചയ്ക്ക് കൊല്ലം ജില്ലയില്‍ പ്രവേശിക്കും. 15,16 തിയ്യതികളില്‍ കൊല്ലം ജില്ലയിലൂടെ കടന്നുപോവുന്ന യാത്ര 17,18,19,20 തിയ്യതികളില്‍ ആലപ്പുഴയിലും 21,22ന് എറണാകുളം ജില്ലയിലും 23,24,25 തിയ്യതികളില്‍ തൃശൂര്‍ ജില്ലയിലും 26നും 27ന് ഉച്ചവരെയും പാലക്കാട് ജില്ലയിലും പര്യടനം പൂര്‍ത്തിയാക്കും.

28,29നും മലപ്പുറം ജില്ലയിലൂടെ കടന്ന് കേരളത്തിലെ പര്യടനം പൂര്‍ത്തിയാക്കി, തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ വഴി കര്‍ണാടകത്തില്‍ പ്രവേശിക്കും. രാവിലെ 7 മണി മുതല്‍ 11 മണി വരെയും വൈകുന്നേരം 4 മണി മുതല്‍ 7 മണി വരെയുമാണ് യാത്രയുടെ സമയക്രമം. 19 ദിവസമാണ് കേരളത്തിലൂടെ യാത്ര കടന്നുപോവുന്നത്. 150 ദിവസം നീളുന്ന പദയാത്ര 12 സംസ്ഥാനങ്ങളിലൂടെയാണ് കടന്നുപോവുക. 3570 കിലോമീറ്റര്‍ പിന്നിട്ട് 2023 ജനുവരി 30നു സമാപിക്കും.

Tags:    

Similar News