മഞ്ചേരിയില്‍ വന്‍ കഞ്ചാവു വേട്ട: നാലു കി.ഗ്രാം കഞ്ചാവുമായി പാലക്കാട് സ്വദേശി പിടിയില്‍

മഞ്ചേരി ആനക്കയത്തു വച്ചാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ അടക്കം പിടിയിലായത്.

Update: 2021-03-07 07:28 GMT

മഞ്ചേരി: മഞ്ചേരിയിലെ വിവിധ സ്ഥലങ്ങളിലേക്ക് വില്പനക്കായി കൊണ്ടുവന്ന 4 കി.ഗ്രാം കഞ്ചാവുമായി പാലക്കാട് പെരിങ്ങന്നൂര്‍ കുണ്ടുപറമ്പില്‍ മുസ്സമ്മില്‍ (27) എന്നയാളെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡും മഞ്ചേരി പോലിസും ചേര്‍ന്ന് പിടികൂടി.

മഞ്ചേരി ആനക്കയത്തു വച്ചാണ് കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച സ്‌കൂട്ടര്‍ അടക്കം പിടിയിലായത്. വിദേശത്തു നിന്നും മാസങ്ങള്‍ക്ക് മുന്‍പ് നാട്ടിലെത്തിയ ഇയാള്‍ വന്‍ ലാഭം ലഭിച്ചതോടെ മയക്കുമരുന്ന് വിപണനത്തിലേക്ക് തിരിയുകയായിരുന്നു. 2 ആഴ്ച മുന്‍പാണ് 10 കി.ഗ്രാം കഞ്ചാവുമായി പാലക്കാട് കൊപ്പം സ്വദേശിയായ കുറ്റിപ്പുറം വിഷമദ്യ ദുരന്തക്കേസിലെ പ്രതിയെ പിടികൂടിയത്. ഇയാളില്‍ നിന്നാണ് പാലക്കാട് കേന്ദ്രീകരിച്ച് സംസ്ഥാനത്തിന്റെ വിവിധ സ്ഥലങ്ങളിളേലേക്ക് മയക്കുമരുന്ന് വിപണനം നടത്തുന്ന സംഘത്തെക്കുറിച്ച് വിവരം ലഭിച്ചത്.

ഇവരെ നിരീക്ഷിച്ചുവരികയായിരുന്നു. ആന്ധ്രയില്‍ കിലോക്ക് 800- 1000 രൂപയോളം വിലവരുന്ന കഞ്ചാവ് നാട്ടിലെത്തിയാല്‍ 40000 രൂപക്കാണ് വില്പന നടത്തുന്നത്. വന്‍ ലാഭം ലഭിക്കുമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് വിദേശത്തു നിന്നും എത്തുന്ന ആളുകളെ ഈ മേഖലയിലേക്ക് കൊണ്ടുവരാന്‍ മയക്കുമരുന്ന് മാഫിയ ശ്രമിക്കുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. 80 കി.ഗ്രാം കഞ്ചാവാണ് ഈ 2 മാസത്തിനിടെ ജില്ലാ ആന്റി നര്‍ക്കോട്ടിക്ക് സ്‌ക്വാഡ് മലപ്പുറം ജില്ലയില്‍ നിന്നും പിടികൂടിയത്. ഇയാളുള്‍പ്പെട്ട ലഹരിക്കടത്തു സംഘത്തെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടുണ്ട്. ഇവര്‍ക്കെതിരെയുള്ള അന്വേഷണം ശക്തമാക്കിയിട്ടുണ്ട്.

Tags:    

Similar News