തിരുവനന്തപുരം: ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്തു നിന്നും നീക്കാനുള്ള ബില്‍ ഗവര്‍ണര്‍ക്ക് കൈമാറി. ഈ മാസം 13ന് നിയമസഭ പാസാക്കിയ ചാന്‍സലര്‍ ബില്‍ ഇന്നാണ് ഗവര്‍ണര്‍ക്ക് അയച്ചത്. 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്തു നിന്നും ഗവര്‍ണറെ മാറ്റുന്നതാണ് ബില്‍. പകരം വിദ്യാഭ്യാസ വിദഗ്ധരെ ചാന്‍സലര്‍ സ്ഥാനത്ത് നിയമിക്കണമെന്നതാണ് ബില്ലിലെ വ്യവസ്ഥ.
ഗവര്‍ണര്‍ ഒപ്പ് രേഖപ്പെടുത്തി അനുമതി നല്‍കിയാല്‍ മാത്രമാണ് ബില്ലിന് നിയമസാധുത ലഭിക്കുക. ബില്ലില്‍ വിശദമായ പരിശോധന നടത്താനാണ് രാജ്ഭവന്റെയും നീക്കം. ചാന്‍സലര്‍ തിരഞ്ഞെടുപ്പ് പാനലിലെ പ്രതിപക്ഷ പ്രാതിനിധ്യമടക്കം പ്രതിപക്ഷ കക്ഷികള്‍ മുന്നോട്ടുവച്ച ഭേദഗതികളില്‍ ചിലത് മാത്രം അംഗീകരിച്ച് നിയമസഭ പാസാക്കിയ ബില്ലിന്‍മേല്‍ ഗവര്‍ണര്‍ എന്ത് നടപടി സ്വീകരിക്കുമെന്നറിയാന്‍ കാത്തിരിക്കുകയാണ് സര്‍ക്കാര്‍.