മുഖ്യമന്ത്രി-ഗവര്‍ണര്‍ പോര്; രാജ്ഭവനിലെത്താന്‍ ഉദ്യോഗസ്ഥര്‍ക്ക് കോംപ്ലക്‌സെന്ന് ഗവര്‍ണര്‍

അഭിമുഖത്തില്‍ മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയില്ലെങ്കില്‍ അക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയക്കാനാണ് നീക്കം.

Update: 2024-10-10 09:10 GMT

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷവിമര്‍ശനമുന്നയിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാരിന്റെ വീഴ്ച രാഷ്ട്രപതിയെ അറിയിക്കുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അഭിമുഖത്തില്‍ മലപ്പുറവുമായി ബന്ധപ്പെട്ട പരാമര്‍ശം നടത്തിയില്ലെങ്കില്‍ അക്കാര്യത്തില്‍ എന്ത് നടപടി സ്വീകരിച്ചു എന്ന ചോദ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് വീണ്ടും കത്തയക്കാനാണ് നീക്കം. രാജ്യത്തിന് എതിരായ കുറ്റകൃത്യം സംബന്ധിച്ച വിവരങ്ങള്‍ അറിയിച്ചില്ലെന്നും ഗവര്‍ണറെ ഇരുട്ടില്‍ നിര്‍ത്തുകയാണ് മുഖ്യമന്ത്രി ചെയ്യുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇക്കാര്യം രാഷ്ട്രപതിയെ അറിയിക്കേണ്ടതു തന്റെ ചുമതലയാണ്. ഇക്കാര്യത്തില്‍ മുഖ്യമന്ത്രി മറുപടി നല്‍കാതിരിക്കുമ്പോള്‍ ചീഫ് സെക്രട്ടറിയോട് വിശദീകരണം തേടുന്നതില്‍ എന്താണു കുഴപ്പമെന്നും ഗവര്‍ണര്‍ ചോദിച്ചു.

വ്യാപകമായ സ്വര്‍ണക്കടത്ത് കേരളത്തിനെതിരായതു മാത്രമല്ല രാജ്യത്തിനെതിരായ കുറ്റകൃത്യം കൂടിയാണ്. അക്കാര്യം മുഖ്യമന്ത്രി തന്നെ പറയുമ്പോള്‍ അത് രാഷ്ട്രപതിക്കു റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് എന്റെ ചുമതല. ഒരു ഓര്‍ഡിനന്‍സില്‍ ഒപ്പു വയ്പിക്കാന്‍ ചീഫ് സെക്രട്ടറി രാജ്ഭവനില്‍ വന്നിരുന്നു. മുഖ്യമന്ത്രി അക്കാര്യം അറിയിച്ചിരുന്നില്ല. എന്നാല്‍ രാജ്യത്തിനെതിരായ കുറ്റകൃത്യം സംബന്ധിച്ച് വിശദീകരിക്കാന്‍ ചീഫ് സെക്രട്ടറിയെ അയയ്ക്കാന്‍ കഴിയില്ലെന്നാണ് പറയുന്നത്. സര്‍ക്കാരിന്റെ ആവശ്യത്തിനായി രാജ്ഭവനിലെത്തിയവര്‍ക്ക് ഗവര്‍ണര്‍ ആവശ്യപ്പെട്ടപ്പോള്‍ വരാന്‍ 'കോംപ്ലക്‌സാ'ണെന്നും ഗവര്‍ണര്‍ പറഞ്ഞു.

താന്‍ പറഞ്ഞ കാര്യങ്ങളല്ല പത്രത്തില്‍ വന്നതെന്ന് വിശദീകരിച്ചുകൊണ്ട് മുഖ്യമന്ത്രി മറുപടിയും നല്‍കി. ചീഫ് സെക്രട്ടറിയേയും, സംസ്ഥാന പൊലീസ് മേധാവിയേയും വിളിപ്പിച്ചു കാര്യങ്ങള്‍ തിരക്കാനുള്ള ഗവര്‍ണറുടെ നീക്കത്തിന് സര്‍ക്കാര്‍ തടയിട്ടു. ഇതിന് പിന്നാലെ ഗവര്‍ണറും മുഖ്യമന്ത്രിയും തമ്മിലുള്ള കത്ത് യുദ്ധം ആരംഭിച്ചു. തുടര്‍ച്ചയായി വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നതിലുള്ള നീരസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി ഇന്നലെ തന്നെ മറുപടി നല്‍കി. എന്നാല്‍ വിഷയത്തില്‍ നിന്ന് പിന്നാക്കം പോവില്ല എന്ന നിലപാടിലാണ് ഗവര്‍ണര്‍ ഉള്ളത്. എന്നാല്‍ രാഷ്ട്രീയ വിഷയങ്ങള്‍ രാഷ്ട്രീയമായി തന്നെ നേരിടുമെന്ന നിലപാടിലാണ് സിപിഎം.

Tags:    

Similar News