രജൗരിയില്‍ നേരിയ ആശ്വാസം; അജ്ഞാത രോഗത്തിന്റെ പുതിയ കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് അധികൃതര്‍

രജൗരി: ജമ്മുവിലെ രജൗരിയില്‍ ഡിസംബര്‍ 7 നും ജനുവരി 19 നും ഇടയില്‍ മൂന്ന് കുടുംബങ്ങളിലായി 17 പേരുടെ മരണത്തിനിടയാക്കിയ അജ്ഞാത രോഗത്തിന്റെ പുതിയ കേസുകളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്ന് ഉദ്യോഗസ്ഥര്‍.
നിലവില്‍ രജൗരി ഡെപ്യൂട്ടിയുടെ മേല്‍നോട്ടത്തില്‍ ജില്ലാ ഭരണകൂടം തീവ്ര പ്രതിരോധ പരിചരണം തുടരുകയാണ്. സ്ഥിതി ലഘൂകരിക്കുന്നതിനും കൂടുതല്‍ അപകടങ്ങള്‍ തടയുന്നതിനുമായി, 364 വ്യക്തികള്‍ അടങ്ങുന്ന 87 കുടുംബങ്ങളെ ഗ്രാമത്തില്‍ നിന്ന് മറ്റു സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റി. ഇവര്‍ ഗവണ്‍മെന്റ് നഴ്സിംഗ് കോളേജ്, ഗവണ്‍മെന്റ് ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, അനുബന്ധ ആശുപത്രി എന്നിവിടങ്ങളില്‍ നിരീക്ഷണത്തിലാണ്.
രോഗബാധിതരായ കുടുംബങ്ങളുടെ സൗകര്യവും സുരക്ഷയും ഉറപ്പാക്കാന്‍ സമഗ്രമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. മൂന്ന് ഡോക്ടര്‍മാരും ആറ് പാരാമെഡിക്കല്‍ ജീവനക്കാരും അടങ്ങുന്ന ഓണ്‍-സൈറ്റ് മെഡിക്കല്‍ ടീമിനെ രാപ്പകലില്ലാതെ ഡ്യൂട്ടിയിലാക്കിയിട്ടുണ്ടെന്നും ക്രിട്ടിക്കല്‍ കെയര്‍ ആംബുലന്‍സുകളും വേദികളില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ദിവസേനയുള്ള ഭക്ഷണസാധനങ്ങളുടെയും ഉപഭോഗവസ്തുക്കളുടെയും സാമ്പിളുകള്‍ ശേഖരിക്കുന്നുണ്ടെന്നും രക്തം, മൂത്രം, നാസല്‍ സ്വാബ് എന്നിവയുടെ സാമ്പിളുകള്‍ ജിഎംസി രജൗരിയില്‍ പരിശോധനയ്ക്കായി ശേഖരിച്ചിട്ടുണ്ടെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും പൊതുജനങ്ങളുടെ ചോദ്യങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടി അഡീഷണല്‍ ഡിസ്ട്രിക്ട് ഡെവലപ്മെന്റ് കമ്മീഷണറുടെ മേല്‍നോട്ടത്തില്‍ കണ്‍ട്രോള്‍ റൂം തുറന്നിട്ടുണ്ട്.
ഡിസംബര്‍ 7 നും ജനുവരി 19 നും ഇടയിലാണ് അജ്ഞാതരോഗത്തെ തുടര്‍ന്ന് ആളുകള്‍ മരിച്ചത്. പരിശോധനയില്‍ ആളുകളുടെ ശരീരത്തില്‍ ചില ന്യുറോടോക്സിനുകള്‍ കണ്ടെത്തിയതായി വിദഗ്ദര്‍ പറഞ്ഞിരുന്നു. നിലവില്‍ അന്വേഷണം പുരോഗമിക്കുകയാണ്.