രജൗരിയില്‍ ആറ് സായുധരെ സൈന്യം വെടിവച്ചുകൊന്നു

Update: 2021-10-19 06:52 GMT

ശ്രീനഗര്‍: ജമ്മു കശ്മീരിലെ രജൗരിയില്‍ ഇന്ത്യന്‍ സൈന്യം ആറ് സായുധരെ വെടിവച്ചുകൊന്നു. ലഷ്‌കര്‍ ഇ ത്വയ്യിബ പ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടതെന്ന് സൈന്യം അറിയിച്ചു. രജൗരിയിലെ വനത്തിലാണ് ഏറ്റുമുട്ടല്‍ നടന്നത്. പ്രദേശത്ത് മൂന്നോ നാലോ പേര്‍ അവശേഷിക്കുന്നുണ്ടെന്നും അവര്‍ക്കുവേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണെന്നും സൈന്യം അറിയിച്ചു. 

രജൗരിയില്‍ കഴിഞ്ഞ ദിവസം ഒമ്പത് ഇന്ത്യന്‍ സൈനികരെ സായുധര്‍ വെടിവച്ചുകൊന്നിരുന്നു. പ്രദേശത്ത് സായുധ നീക്കങ്ങള്‍ നടത്തുന്ന കമാന്‍ഡര്‍മാരെ നേരില്‍ കണ്ട് സംസാരിക്കുന്നതിനുവേണ്ടി ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ജനറല്‍ ബിപിന്‍ റാവത്ത് കശ്മീരില്‍ സന്ദര്‍ശനം നടത്തിയിരുന്നു.

സായുധരുടെ ആക്രമണത്തിന് കാത്തിരിക്കാതെ കടന്നാക്രമിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നാണ് പുറത്തുവന്ന വിവരം. രണ്ട് പേരുടെ സംഘമായി നടത്തുന്ന ആക്രമണമാണ് സായുധര്‍ക്ക് മുന്‍കൈ നേടിക്കൊടുത്തതെന്നാണ് നിഗമനം. അതവര്‍ക്ക് അവരുടെ സ്ഥാനം അടിക്കടി മാറ്റാനുള്ള സാഹചര്യമൊരുക്കി.

രജൗരിയില്‍ പത്ത് ലഷ്‌കര്‍ സായുധര്‍ അതിര്‍ത്തി കടന്നെത്തിയിട്ടുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ കരുതുന്നു. അവര്‍ രജൗരി, പൂഞ്ച് പ്രദേശത്താണ് നിലയുറപ്പിച്ചിട്ടുള്ളത്. അതില്‍ ആറ് പേരെയാണ് ഇപ്പോള്‍ സൈന്യം വധിച്ചതെന്നും വിലയിരുത്തുന്നു.

Tags:    

Similar News