തിരുവനന്തപുരം: പക്ഷിപ്പനി സ്ഥിരീകരിച്ച അഴൂര്‍ പഞ്ചായത്തില്‍ ഇന്ന് മുതല്‍ പക്ഷികളെ കൊന്നുതുടങ്ങും. കോഴി, താറാവ്, അരുമപക്ഷികള്‍ ഉള്‍പ്പെടെ 3000 ഓളം പക്ഷികളെയാണു നശിപ്പിക്കുക. കണക്കെടുപ്പ് അടക്കമുള്ള കാര്യങ്ങള്‍ പൂര്‍ത്തിയായതായി മൃഗസംരക്ഷണ വകുപ്പ് അറിയിച്ചു. മൂന്നു ദിവസംകൊണ്ട് ദൗത്യം പൂര്‍ത്തിയാക്കുകയാണു ലക്ഷ്യം. ദൗത്യനിര്‍വഹണത്തിന് പഞ്ചായത്തിലെ ഏഴ് വാര്‍ഡുകളിലായി എട്ട് ദ്രുതകര്‍മ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിലെ രണ്ട് ഡോക്ടര്‍മാര്‍, രണ്ട് ലൈവ് സ്‌റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍, രണ്ട് അസിസ്റ്റന്റുമാര്‍, മൂന്ന് തൊഴിലാളികള്‍, പോലീസ് സംഘം എന്നിവരടങ്ങുന്നതാണ് ഒരു സംഘം.
പക്ഷികളെ കൊല്ലുന്നതിന് ആവശ്യമായ ഉപകരണങ്ങള്‍, ജെസിബി, കുമ്മായം അടക്കമുള്ള സജ്ജീകരണങ്ങളും ക്രമീകരിച്ചു. ജില്ലാ മൃഗസംരക്ഷണ ഓഫിസര്‍ ഡോ. ബീനാബീവി, ചീഫ് വെറ്ററിനറി ഓഫിസര്‍ ഡോ. അനിത എന്നിവര്‍ പക്ഷികളെ കൊല്ലുന്ന നടപടികള്‍ ഏകോപിപ്പിക്കും. ഉടമയുടെ സാന്നിധ്യത്തില്‍ പോലീസ് റവന്യൂ ഉദ്യോഗസ്ഥര്‍ മഹസര്‍ തയാറാക്കിയ ശേഷമാകും കൊല്ലുന്ന നടപടികളിലേക്ക് കടക്കുക. കൊല്ലുന്ന പക്ഷികളുടെ മുട്ട, ഇറച്ചി, കാഷ്ടം, തീറ്റ എന്നിവയും കത്തിച്ച് നശിപ്പിക്കും.
പക്ഷികള്‍ കൂട്ടമായി ചത്ത സംഭവമുണ്ടായതിനെ തുടര്‍ന്ന്, സാംപിള്‍ ഭോപാലിലെ നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഹൈ സെക്യൂരിറ്റി അനിമല്‍ ഡിസീസസ് (എന്‍ഐഎച്ച്എസ്എഡി) ലാബില്‍ നടത്തിയ പരിശോധനയിലാണ് അഴൂരില്‍ പക്ഷിപ്പനി ശനിയാഴ്ച സ്ഥിരീകരിച്ചത്. തുടര്‍ന്നാണ് മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ അടിയന്തര നടപടികളിലേക്ക് കടന്നത്.
തിരുവനന്തപുരം ജില്ലയില്‍ ഇതാദ്യമായാണ് പക്ഷിപ്പനി സ്ഥിരീകരിക്കുന്നത്. പക്ഷിപ്പനി ഭീഷണി നിലനില്‍ക്കുന്ന കുട്ടനാട് മേഖലയില്‍ നിന്ന് അഴൂര്‍ സ്വദേശി കൊണ്ടുവന്ന എട്ട് താറാവുകളിലാണ് രോഗം കണ്ടെത്തിയത്. വളര്‍ത്തുപക്ഷികള്‍ അസ്വാഭാവികമായി കൂട്ടത്തോടെ ചാകുകയാണെങ്കില്‍ വിവരം അടുത്ത മൃഗാശുപത്രിയില്‍ റിപോര്‍ട്ട് ചെയ്യണമെന്ന് മൃഗസംരക്ഷണ വകുപ്പ് അറിയിച്ചിട്ടുണ്ട്.