തിരുവനന്തപുരം: ആലപ്പുഴ, കോട്ടയം ജില്ലകളില്‍ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തില്‍ ഉന്നതതല കേന്ദ്ര സംഘം സംസ്ഥാനത്തെത്തി. കേരളത്തിനു പുറമെ രോഗം സ്ഥിരീകരിച്ച ഹരിയാനയിലേക്കും മറ്റൊരു സംഘത്തെ അയച്ചിട്ടുണ്ട്. രാജ്യത്തൊരിടത്തും പക്ഷിപ്പനി മനുഷ്യനിലേക്ക് പകര്‍ന്നതായി റിപോര്‍ട്ടില്ലെങ്കിലും മുന്‍കരുതലിന്റെ ഭാഗമാണ് നടപടി.
നാഷണല്‍ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ഡയറക്ടര്‍, ഭക്ഷ്യസംസ്‌കരണ വ്യവസായ വകപ്പിലെ ജോ. സെക്രട്ടറി, കൊവിഡ് നോഡല്‍ ഓഫിസര്‍ തുടങ്ങിയവരാണ് കേരളത്തിലെത്തിയ സംഘത്തിലുള്ളത്. രോഗം ബാധിച്ച പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്ന സംഘം കൊവിഡ് സ്ഥിതിഗതികളും പരിശോധിക്കും.
2021 ജനുവരി 4ാം തിയ്യതിയാണ് സംസ്ഥാന മൃഗസംരക്ഷണ വകുപ്പ് പക്ഷികളില്‍ ആവിയന്‍ ഇന്‍ഫഌവന്‍സ വിഭാഗത്തില്‍പ്പെട്ട എച്ച്5എന്‍8 സ്ഥിരീകരിച്ചത്. ഹരിയാനയിലെ പഞ്ചകുല ജില്ലയില്‍ നിന്നും ഇതേ രോഗം റിപോര്‍ട്ട് ചെയ്തിട്ടുണ്ട്.
രാജസ്ഥാനിലും ബീഹാറിലും മധ്യപ്രദേശിലും പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. അവിടെ കാക്കകളിലും കേരളത്തില്‍ താറാവുകളിലുമാണ് രോഗബാധ കാണുന്നത്. അതേസമയം മറ്റ് സംസ്ഥാനങ്ങളിലെ വൈറസ് വ്യത്യസ്തമാണ്.
രോഗം ഇതുവരെയും മനുഷ്യരെ ബാധിച്ചതായി റിപോര്‍ട്ടില്ലെന്ന് ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം അറിയിച്ചു.