പക്ഷിപ്പനി പ്രതിരോധം: ഉന്നത ഉദ്യോഗസ്ഥര്‍ പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലുമെത്തി

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലെ നഗരസഭ ഡിവിഷനുകള്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച് വ്യക്തത വരുത്തി.

Update: 2020-03-13 13:11 GMT

പരപ്പനങ്ങാടി: പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഒരുക്കങ്ങള്‍ക്കായി മൃഗസംരക്ഷണ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലുമെത്തി. പരപ്പനങ്ങാടി നഗരസഭയിലെത്തിയ ഉദ്യോഗസ്ഥര്‍ ചെയര്‍പേഴ്‌സണ്‍ വി.വി ജമീല ടീച്ചറുമായും സെക്രട്ടറി ജയകുമാറുമായും കൗണ്‍സിലര്‍മാരുമായും കൂടിയാലോചന നടത്തി. പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശത്തിന് ഒരു കിലോമീറ്റര്‍ പരിധിയിലെ നഗരസഭ ഡിവിഷനുകള്‍ ഏതൊക്കെയാണെന്നത് സംബന്ധിച്ച് വ്യക്തത വരുത്തി. തുടര്‍ന്ന് കോഴികളെയും വളര്‍ത്തു പക്ഷികളെയും കൊന്നൊടുക്കുന്ന റാപ്പിഡ് റെസ്‌പോണ്‍സ് ടീം അംഗങ്ങളെ സഹായിക്കുന്ന നഗരസഭ ജീവനക്കാര്‍ക്ക് പരിശീലനവും നല്‍കി. തിരൂരങ്ങാടിയിലെ വെറ്ററിനറി ആശുപത്രി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം സന്ദര്‍ശിച്ച ഉദ്യോഗസ്ഥസംഘം ഇന്നലെ (മാര്‍ച്ച് 13) ഉച്ചയ്ക്ക് ശേഷം തിരൂരങ്ങാടി നഗരസഭാ ജീവനക്കാര്‍ക്കും സ്വയം സുരക്ഷ ഉറപ്പുവരുത്തുന്ന കാര്യങ്ങളില്‍ ഉള്‍പ്പെടെ പരിശീലനം നല്‍കി.

തിരുവനന്തപുരം പാലോടുള്ള സ്‌റ്റേറ്റ് ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ അനിമല്‍ ഡിസീസിലെ ഡിസീസ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസര്‍ ഡോ. എസ്. നന്ദകുമാര്‍, വെറ്ററിനറി സര്‍ജന്‍ ഡോ. ജി.എസ് അജിത്ത് കുമാര്‍ എന്നിവര്‍ ക്ലാസെടുത്തു. മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ.അയ്യൂബ്, റാപ്പിഡ് റെസ്‌പോണ്‍സ് ടീം ലീഡര്‍ ഡോ. ഹാറൂണ്‍, സപ്പോര്‍ട്ടിങ് ടീം അംഗങ്ങളായ ഊര്‍ങ്ങാട്ടിരിയിലെ വെറ്ററിനറി സര്‍ജന്‍ ഡോ.എം.എസ് ഗ്രേസ്, കീഴുപറമ്പിലെ വെറ്ററിനറി സര്‍ജന്‍ ഡോ.പി ശ്യാം എന്നിവരാണ് പരപ്പനങ്ങാടിയിലും തിരൂരങ്ങാടിയിലുമെത്തിയത്.

പക്ഷിപ്പനി പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇരു നഗരസഭാ പരിധിയിലെയും ജനപ്രതിനിധികളുടെയും സഹകരണം ഉറപ്പു വരുത്തിയാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്. പരപ്പനങ്ങാടി നഗരസഭ വൈസ് ചെയര്‍മാന്‍ എച്ച്.ഹനീഫ, പ്രതിപക്ഷ നേതാവ് ദേവന്‍ ആലുങ്ങല്‍, സ്ഥിരം സമിതി അധ്യക്ഷ രായ എം.ഉസ്മാന്‍, ഭവ്യ രാജ്, കൗണ്‍സിലര്‍മാരായ ഖാദര്‍ തുള്ളാടന്‍, കെ.കെ സമദ്, ലത ഷമേജ്, റസിയ സലാം എന്നിവര്‍ കൂടിയാലോചനയില്‍ പങ്കെടുത്തു. 

Tags:    

Similar News