ബിജെപിയും ആര്‍എസ്എസും വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കള്‍: ഫാറൂഖ് അബ്ദുല്ല
നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) ഒരിക്കലും മത രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു.
ശ്രീനഗര്‍: ബിജെപിയും ആര്‍എസ്എസും വര്‍ഗീയ രാഷ്ട്രീയത്തിന്റെ വക്താക്കള്‍ളാണെന്നും അത് അവരെ നശിപ്പിക്കുമെന്നും ജമ്മുകാശ്മീര്‍ മുന്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായി ഡോ. ഫാറൂഖ് അബ്ദുല്ല. പിതാവും കശ്മീരി നേതാവുമായ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ലയുടെ 38-ാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ശവകുടീരത്തില്‍ പ്രാര്‍ത്ഥന നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഫാറൂഖ് അബ്ദുല്ലയും കശ്മീരിലെ മറ്റ് പ്രധാന പാര്‍ട്ടി നേതാക്കളും സംസ്ഥാന രാഷ്ട്രീയത്തിലേക്ക് അപകടകരമായ തരത്തില്‍ ഇസ്‌ലാമിനെ കടത്തിവിടാന്‍ ശ്രമിക്കുന്നതായി ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി റാം മാധവ് കഴിഞ്ഞ ദിവസം ആരോപ്പിച്ചിരുന്നു.
നാഷണല്‍ കോണ്‍ഫറന്‍സ് (എന്‍സി) ഒരിക്കലും മത രാഷ്ട്രീയം കളിച്ചിട്ടില്ലെന്ന് അദ്ദേഹം വാദിച്ചു. അതാണ് നമ്മുടെ ചരിത്രം. ഷേര്‍-ഇ-കശ്മീരിന്റെ (ഷെയ്ഖ് അബ്ദുല്ല) മുദ്രാവാക്യം എന്തായിരുന്നു? അത് 'ഹിന്ദു, മുസ്‌ലീം, സിഖ് ഇതെഹാദ് (ഹിന്ദുക്കള്‍, മുസ്ലിംകള്‍, സിഖുകാര്‍ തമ്മിലുള്ള ഐക്യം) ആയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 1938 ല്‍ ജമ്മു കശ്മീര്‍ മുസ്ലിം സമ്മേളനത്തിന്റെ പേര് ദേശീയ സമ്മേളനമായി മാറ്റുന്നതില്‍ ഷെയ്ക്ക് നിര്‍ണായക പങ്കുവഹിച്ചതിന്റെ കാരണം, എല്ലാ മതങ്ങളില്‍ നിന്നുള്ളവരും നാട്ടുരാജ്യത്തിലെ സ്വേച്ഛാധിപത്യ ഭരണത്തിനെതിരായ പോരാട്ടത്തിന്റെ ഭാഗമാണെന്ന് അദ്ദേഹത്തിന് അറിയാമായിരുന്നുവെന്നും ഫാറൂഖ് അബ്ദുല്ല കൂട്ടിച്ചേര്‍ത്തു.