മധ്യ പ്രദേശ്: സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍, കമല്‍നാഥ് സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ബിജെപി

കമല്‍നാഥ് സര്‍ക്കാരിന് ഇപ്പോള്‍ തന്നെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ മറ്റ് ഔദ്യോഗിക പരിപാടികളിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും പോകും മുമ്പ് സഭായോഗം വിളിക്കണം. ഞായറാഴ്ച സമ്മേളനം നടത്തണമെന്ന ആവശ്യവും ബിജെപി ഉയര്‍ത്തിയിട്ടുണ്ട്.

Update: 2020-03-14 13:34 GMT

ഭോപാല്‍: മധ്യപ്രദേശിലെ കമല്‍നാഥ് സര്‍ക്കാരിനോട് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടണമെന്ന നിവേദനവുമായി ബിജെപി നേതാക്കള്‍ ഗവര്‍ണര്‍ ലാല്‍ജി ടണ്ടനെ കണ്ടു. സര്‍ക്കാരിനോട് അതൃപ്തി പ്രകടപ്പിച്ച് പുറത്തുപോന്ന 22 എംഎല്‍എമാരെ കമല്‍നാഥും കോണ്‍ഗ്രസ് നേതൃത്വവും സമ്മര്‍ദ്ദത്തിലാക്കുകയാണെന്നും അവരെ പ്രലോഭിപ്പിക്കാന്‍ ശ്രമിക്കുകയാണെന്നും ബിജെപി അവകാശപ്പെട്ടു.

തിങ്കളാഴ്ച ബജറ്റ് സമ്മേളനം നടക്കാനിരിക്കെ അതിനു മുമ്പുതന്നെ ഭൂരിപക്ഷം തെളിയിക്കാന്‍ സഭയുടെ പ്രത്യേകം സമ്മേളനം നടത്തണമെന്നാണ് ബിജെപിയുടെ ആവശ്യം. കമല്‍നാഥ് സര്‍ക്കാരിന് ഇപ്പോള്‍ തന്നെ ഭൂരിപക്ഷം നഷ്ടപ്പെട്ടിരിക്കുകയാണ്. അതുകൊണ്ടുതന്നെ മറ്റ് ഔദ്യോഗിക പരിപാടികളിലേക്കും ഉത്തരവാദിത്തങ്ങളിലേക്കും പോകും മുമ്പ് സഭായോഗം വിളിക്കണം. ഞായറാഴ്ച സമ്മേളനം നടത്തണമെന്ന ആവശ്യവും ബിജെപി ഉയര്‍ത്തിയിട്ടുണ്ട്.

വിശ്വാസവോട്ടെടുപ്പില്‍ നിന്ന് മാറിനില്‍ക്കാനും മാറ്റിവയ്ക്കാനും കമല്‍നാഥിന്റെ ന്യൂനപക്ഷ സര്‍ക്കാരിനെ അനുവദിക്കരുതെന്ന് മുന്‍ മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാനും ആവശ്യപ്പെട്ടു.

വിശ്വാസവോട്ടെടുപ്പ് ശബ്ദവോട്ട് വഴി ആയിരിക്കരുതെന്നും ഗവര്‍ണര്‍ക്കുള്ള കത്തില്‍ ബിജെപി ആവശ്യപ്പെടുന്നു. എല്ലാ സഭാപരിപാടികളും ഔദ്യോഗിക ഫോട്ടോഗ്രഫറെ ഉപയോഗിച്ച് പകര്‍ത്തണം. 22 എംഎല്‍എമാരും പാര്‍ട്ടിയില്‍ നിന്ന് രാജിവച്ചുകഴിഞ്ഞു. അക്കാര്യം അവര്‍ ദേശീയമാധ്യമങ്ങളെ അറിയിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഭൂരിപക്ഷം തെളിയിക്കണം. എങ്കില്‍ മാത്രമേ സര്‍ക്കാരിന് തുടരാന്‍ അര്‍ഹതയുളളൂ. മറ്റെല്ലാ മാര്‍ഗവും ജനാധിപത്യവിരുദ്ധവും ഭരണഘടനാവിരുദ്ധവുമാണ്. പുറത്തുപോയവരെ തിരികെയെത്തിക്കാന്‍ മുഖ്യമന്ത്രി ശ്രമിക്കുന്ന കാര്യം പുറത്തുവന്നുകഴിഞ്ഞു. വിശ്വാസവോട്ടെടുപ്പ് നടത്താന്‍ താമസമുണ്ടായാല്‍ അത് കുതിരക്കച്ചവടത്തിനുള്ള സാധ്യതയൊരുക്കും. കൊറോണ വൈറസ് ബാധയുടെ പേരില്‍ വിശ്വാസവോട്ടെടുപ്പ് മാറ്റിവയ്ക്കരുതെന്നും ബിജെപി നിവേദനത്തില്‍ പറയുന്നു. 

Tags:    

Similar News