ഡല്‍ഹി തിരഞ്ഞെടുപ്പ്: അരവിന്ദ് കെജ്രിവാളിനെതിരേ ബിജെപിയുടെ സുനില്‍ യാദവ്
റൊമോഷ് സഭര്‍വാളാണ് കെജ്രിവാളിനെതിരേയുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.
ന്യൂഡല്‍ഹി: ആം ആദ്മി പാര്‍ട്ടി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളിനെതിരേ ബിജെപിയുടെ സുനില്‍ യാദവ് നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു. ന്യൂഡല്‍ഹി നിയോജകമണ്ഡലത്തില്‍ നിന്നാണ് കെജ്രിവാള്‍ ജനവിധി തേടുന്നത്.
കെജ്രിവാളും സനില്‍ യാദവും ഇന്നലെ വൈകീട്ടാണ് തങ്ങളുടെ നാമനിര്‍ദേശപത്രികകള്‍ സമര്‍പ്പിച്ചത്.
വലിയ മുദ്രാവാക്യം വിളിയോടെയും അനുയായി വ്യന്ദത്തോടൊപ്പവുമാണ് ബിജെപി നേതാവ് സുനില്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിക്കാനെത്തിയത്. കെജ്രിവാള്‍ ഡല്‍ഹിക്കാരുടെ പ്രാദേശിക പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നില്ലെന്ന് പത്രിക നല്‍കും മുമ്പ് മാധ്യമങ്ങളെ കണ്ട സുനില്‍ പറഞ്ഞു.
ഇവിടെ വേണ്ടത് ഒരു പ്രാദേശിക എംഎല്‍എയെയാണ്. അല്ലാതെ മുഖ്യമന്ത്രിയെയല്ല. തങ്ങളുടെ പ്രതിനിധി തങ്ങള്‍ക്കൊപ്പം ജീവിക്കണമെന്നാണ് അവരുടെ ആഗ്രഹം. ഇവിടെ അദ്ദേഹത്തെ കാണണമെങ്കില്‍ അപ്പോയ്‌മെന്റ് എടുക്കണം-സുനില്‍ കുറ്റപ്പെടുത്തി.
റൊമോഷ് സഭര്‍വാളാണ് കെജ്രിവാളിനെതിരേയുളള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി.ഫെബ്രുവരി ഏഴിനാണ് 70 അംഗ ഡല്‍ഹി നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ്.