ബിജെപി-സിപിഎം ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരേ എസ്ഡിപിഐ നാളെ സമര ചത്വരം സംഘടിപ്പിക്കും

'ലാവലിന്‍ സ്വര്‍ണക്കടത്ത്, കൊടകര കുഴല്‍പ്പണം തിരഞ്ഞെടുപ്പ് കോഴ; ഒത്തുതീര്‍പ്പിലൂടെ കേരളത്തെ തകര്‍ക്കുന്ന മുഖ്യമന്ത്രി രാജിവെയ്ക്കുക, കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമതര ചത്വരം സംഘടിപ്പിക്കുന്നത്

Update: 2022-06-14 13:02 GMT

തിരുവനന്തപുരം: കേന്ദ്രം ഭരിക്കുന്ന ബിജെപിയും കേരളത്തിലെ ഇടതു സര്‍ക്കാരും അനുവര്‍ത്തിക്കുന്ന ഒത്തുതീര്‍പ്പ് രാഷ്ട്രീയത്തിനെതിരേ ബുധനാഴ്ച സംസ്ഥാനത്തെ ജില്ലാ ആസ്ഥാനങ്ങളില്‍ സമര ചത്വരം സംഘടിപ്പിക്കുമെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി റോയ് അറയ്ക്കല്‍. 'ലാവലിന്‍ സ്വര്‍ണക്കടത്ത്, കൊടകര കുഴല്‍പ്പണം തിരഞ്ഞെടുപ്പ് കോഴ; ഒത്തുതീര്‍പ്പിലൂടെ കേരളത്തെ തകര്‍ക്കുന്ന മുഖ്യമന്ത്രി രാജിവെക്കുക, കെ സുരേന്ദ്രനെ അറസ്റ്റ് ചെയ്യുക' എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് സമതര ചത്വരം സംഘടിപ്പിക്കുന്നത്. ബിജെപിയും സിപിഎമ്മും അഴിമതിയിലും കോഴയിലും കള്ളക്കടത്തിലും പരസ്പരം മല്‍സരിക്കുകയാണ്. ലാവലിന്‍ അഴിമതി മുതല്‍ സ്വര്‍ണക്കടത്ത് വരെ നീളുന്ന ഇടതു സര്‍ക്കാരും പിണറായി വിജയനും നടത്തിയിട്ടുള്ള അഴിമതികള്‍ ചൂണ്ടിക്കാട്ടി ബിജെപി പിണറായിയെ വിരട്ടി നിര്‍ത്തിയിരിക്കുകയാണ്. അതുകൊണ്ടാണ് നിയമസഭ തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാന്‍ കോടികള്‍ സംസ്ഥാനത്തേക്കൊഴുക്കിയ ബിജെപിക്കും കെ സുരേന്ദ്രനുമെതിരേ ചെറുവിരലനക്കാന്‍ ഇടതു സര്‍ക്കാരിന് കെല്‍പ്പില്ലാതെ പോയത്.

സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് കേന്ദ്രീകരിച്ച് തട്ടിപ്പുകള്‍ സംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ ആരെയും അമ്പരപ്പിക്കുന്നതാണ്. മുഖ്യമന്ത്രിക്കെതിരേ കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷ് ചില വെളിപ്പെടുത്തലുകള്‍ നടത്തുമെന്ന വിവരം പുറത്തുവന്നപ്പോഴേക്കും കെ സുരേന്ദ്രനെതിരേ തിരഞ്ഞെടുപ്പ് കോഴക്കേസുകളില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് വിരട്ടി പിന്തിരിപ്പിക്കാനുള്ള ശ്രമമാണ് നടന്നത്. ബിജെപിയും സിപിഎമ്മും തമ്മിലുള്ള ഈ ഒത്തുതീര്‍പ്പ് രാഷ്ട്രീയം കേരളത്തിന്റെ ഭാവിക്ക് ഭീഷണിയാണ്. ആരോപണ വിധേയനായ മുഖ്യമന്ത്രി ഉടന്‍ രാജിവെയ്ക്കണം. കൂടാതെ തിരഞ്ഞെടുപ്പ് കോഴക്കേസില്‍ സുരേന്ദ്രനെ ഉടന്‍ അറസ്റ്റ് ചെയ്യണം.

15ന് വൈകീട്ട് തിരുവനന്തപുരം ആലങ്കോട് സെന്ററില്‍ നടക്കുന്ന സമര ചത്വരത്തില്‍ സംസ്ഥാന നേതാക്കള്‍ സംബന്ധിക്കും. സുരേന്ദ്രനെ അറസ്റ്റു ചെയ്യണമെന്നാവശ്യപ്പെട്ട് വയനാട്ടിലും കാസര്‍കോഡ് ക്രൈംബ്രാഞ്ച് ഓഫിസിലേക്കും പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിക്കുമെന്നും റോയ് അറയ്ക്കല്‍ വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു. 

Tags:    

Similar News