മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ് അന്തരിച്ചു

Update: 2024-12-26 17:51 GMT

ന്യൂഡല്‍ഹി: മുന്‍പ്രധാനമന്ത്രിയും സാമ്പത്തികവിദഗ്ധനുമായ ഡോ. മന്‍മോഹന്‍ സിങ്(92) അന്തരിച്ചു. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് അദ്ദേഹത്തെ വ്യാഴാഴ്ച രാത്രി എട്ടുമണിയോടെ ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചിരുന്നു. കടുത്ത ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വീട്ടില്‍ കുഴഞ്ഞുവീണ അദ്ദേഹത്തെ രാത്രി എട്ട് മണിയോടെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാത്രി 9.51ന് മരണം സ്ഥിരീകരിച്ചു. 2004 മേയ് 22 മുതല്‍ തുടര്‍ച്ചയായ പത്ത് വര്‍ഷക്കാലം രാജ്യത്തിന്റെ പ്രധാനമന്ത്രിപദം അലങ്കരിച്ച അദ്ദേഹം നവ ഉദാരവത്കരണ നയങ്ങളുടെ പതാകവാഹകനായിരുന്നു.

ആരോഗ്യപരമായ കാരണങ്ങളാല്‍ സമീപ വര്‍ഷങ്ങളില്‍ അദ്ദേഹം രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു. 2024 ജനുവരിയില്‍ മകളുടെ പുസ്തക പ്രകാശന ചടങ്ങായിരുന്നു അദ്ദേഹത്തിന്റെ അവസാന പൊതുപരിപാടി. 1991-96 മുന്‍ പ്രധാനമന്ത്രി പി.വി നരസിംഹറാവുവിന്റെ നിര്‍ബന്ധത്തിനു വഴങ്ങി രാഷ്ട്രീയ പ്രവേശനം. നരസിംഹ റാവു മന്ത്രിസഭയില്‍ ധനകാര്യ മന്ത്രിയായാണ് അദ്ദേഹം ശ്രദ്ധിക്കപ്പെട്ടത്. പിന്നീട് 2004 മുതല്‍ 2014 വരെ രാജ്യം ഭരിച്ച യുപിഎ സര്‍ക്കാരില്‍ പ്രധാനമന്ത്രിയായിരുന്നു. ജവഹര്‍ലാല്‍ നെഹ്‌റുവിന് ശേഷം 5 വര്‍ഷം പൂര്‍ത്തിയാക്കിയ ശേഷം വീണ്ടും അധികാരത്തിലെത്തിയ ആദ്യ പ്രധാനമന്ത്രിയായിരുന്നു. രാജ്യസഭാംഗമായി തുടര്‍ന്ന അദ്ദേഹം ഇക്കഴിഞ്ഞ ഏപ്രിലില്‍ കാലാവധി അവസാനിച്ച ശേഷം വിശ്രമജീവിതം നയിക്കുകയായിരുന്നു. ഇന്ത്യയുടെ ഏക സിഖ് പ്രധാനമന്ത്രിയായിരുന്ന മന്‍മോഹന്‍ ഇന്ത്യയുടെ പതിമൂന്നാമത്തെയും പതിനാലാമത്തെയും പ്രധാനമന്ത്രിയായിരുന്നു.

1932 സെപ്റ്റംബര്‍ 26 ന് ബ്രിട്ടീഷ് ഇന്ത്യയിലെ പഞ്ചാബ് പ്രവിശ്യയിലെ ഗാഹ് എന്ന ഗ്രാമത്തിലാണ് മന്‍മോഹന്‍ സിംഗ് ജനിച്ചത്. 1947ലെ ഇന്ത്യാ വിഭജനത്തിനുശേഷം അദ്ദേഹത്തിന്റെ കുടുംബം ഇന്ത്യയിലേക്ക് കുടിയേറി. പ്രക്ഷുബ്ധതകള്‍ക്കിടയിലും, സിംഗ് പഠനത്തില്‍ മികവ് പുലര്‍ത്തി, ചണ്ഡീഗഡിലെ പഞ്ചാബ് സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ഒന്നാം ക്ലാസ് ബിരുദം നേടി. പിന്നീട് അദ്ദേഹം കേംബ്രിഡ്ജ് സര്‍വകലാശാലയില്‍ ബിരുദാനന്തര ബിരുദം നേടി, 1957ല്‍ സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി, 1962ല്‍ ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയില്‍ നിന്ന് ഡിഫില്‍ നേടി.




Tags:    

Similar News