പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ യുവതി മരിച്ച സംഭവം; ജാമ്യം തേടി അല്ലു അര്‍ജുന്‍ കോടതിയില്‍
ഹൈദരാബാദ്: പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസില്‍ ജാമ്യ അപേക്ഷയുമായി അല്ലു അര്‍ജുന്‍ കോടതിയില്‍. നമ്പള്ളി മജിസ്‌ട്രേറ്റ് കോടതിയിലാണ് ഹരജി ഫയല്‍ ചെയ്തിരിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഡിസംബര്‍ 13 ന് നടനെ വസതിയില്‍ എത്തി പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍, തെലങ്കാന ഹൈക്കോടതി അല്ലു അര്‍ജുന് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. ജാമ്യാപേക്ഷ റദ്ദാക്കാന്‍ പോലിസ് സുപ്രിം കോടതിയെ സമീപിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
സന്ധ്യ തിയേറ്ററില്‍ നടന്ന പ്രീമിയര്‍ ഷോയ്ക്കിടെയായിരുന്നു ദാരുണമായ സംഭവം. അല്ലു അര്‍ജുന്റെ വലിയ ഫാനായ മകന്‍ ശ്രീതേജിന്റെ നിര്‍ബന്ധപ്രകാരം പുഷ്പ 2 പ്രീമിയര്‍ ഷോയ്ക്ക് സന്ധ്യ തിയറ്ററില്‍ എത്തിയതായിരുന്നു ദില്‍ഷുക്‌നഗര്‍ സ്വദേശിനിയായ രേവതിയും കുടുംബവും. ഇതിനിടെ അല്ലു അര്‍ജുന്‍ തിയറ്ററിലേക്ക് എത്തുകയും താരത്തെ കാണാന്‍ ആരാധകര്‍ തിരക്ക് കൂട്ടുകയും ചെയ്തു.
തിയേറ്ററിലേക്ക് കയറാനുള്ള ശ്രമത്തിനിടെ രേവതിയും മകന്‍ ശ്രീതേജും തിരക്കില്‍പ്പെട്ട് കുഴഞ്ഞുവീഴുകയായിരുന്നു. ഉടന്‍ തന്നെ രേവതിയേയും ശ്രീതേജിനേയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രേവതി മരിച്ചു. സംഭവത്തില്‍ അല്ലു അര്‍ജുന്റെ ബൗണ്‍സറായ ആന്റണി അറസ്റ്റിലായിരുന്നു. ആന്റണിയുടെ നേതൃത്വത്തിലുള്ള ബൗണ്‍സര്‍മാര്‍ ആരാധകരെ തള്ളുകയും മര്‍ദ്ദിക്കുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു. സംഭവ സമയത്ത് തിയേറ്ററിന്റെ നിയന്ത്രണം പൂര്‍ണമായും ബൗണ്‍സര്‍മാര്‍ ഏറ്റെടുത്തിരുന്നു.
സന്ധ്യ തിയേറ്ററിലെ തിരക്ക് വ്യക്തമാക്കുന്ന വീഡിയോ പുറത്തുവന്നതോടെ അല്ലു അര്‍ജുനെതിരായ കുരുക്ക് മുറുകുന്നുവെന്ന് സൂചന. ഇടുങ്ങിയ ഗേറ്റിലൂടെ ആളുകള്‍ തിക്കിത്തിരക്കുന്ന ദൃശ്യങ്ങളും അല്ലു അര്‍ജുന്റെ ബൗണ്‍സര്‍മാര്‍ ആളുകളെ മര്‍ദിക്കുന്നതും പുതിയ ദൃശ്യങ്ങളിലുണ്ട്.