
സംഭല്‍: ഉത്തര്‍പ്രദേശിലെ സംഭലില്‍ ബിജെപി നേതാവ് ഗുല്‍ഫാം സിങ് യാദവിനെ വിഷം കുത്തിവച്ചു കൊന്ന കേസില്‍ ആറുപേരെ അറസ്റ്റ് ചെയ്‌തെന്ന് പോലിസ്. മെധോലി പഞ്ചായത്ത് പ്രസിഡന്റ് മഹേഷ് യാദവ്, മകനും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ രവി യാദവ്, മുകേഷ് യാദവ്, വികാസ്, രാം നിവാസ് എന്ന നാരദന്‍, സുധീര്‍ എന്ന പപ്പു എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്. മാര്‍ച്ച് പത്തിനാണ് ബൈക്കിലെത്തിയ മൂന്നംഗ സംഘം ഗുല്‍ഫാം സിങ് യാദവിന്റെ ശരീരത്തില്‍ വിഷം കുത്തിവച്ചത്.
കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് മുകേഷ് യാദവും ഗുല്‍ഫാം സിങ് യാദവും തമ്മില്‍ വാക്കുതര്‍ക്കമുണ്ടായിരുന്നു. ബ്ലോക്ക് പ്രസിഡന്റായ രവിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഗുല്‍ഫാം സിങ് യാദവ് ശ്രമിച്ചിരുന്നു. രവിയെ പിന്തുണക്കുന്നവരെ ചാക്കിട്ട് പിടിക്കാനും ശ്രമമുണ്ടായി. ഇതോടെ കൊലക്കേസില്‍ ജയിലില്‍ കഴിയുന്ന ധരം വീര്‍ എന്നയാളെ മഹേഷ് യാദവ് ജയിലില്‍ പോയി കണ്ടു. ഗുല്‍ഫാമിനെ കൊല്ലാന്‍ തയ്യാറാണെങ്കില്‍ ജാമ്യത്തില്‍ ഇറക്കാമെന്ന് വാഗ്ദാനം ചെയ്തു. ഇതിന് ധരംവീര്‍ സമ്മതിച്ചതോടെ ജാമ്യത്തില്‍ പുറത്തിറക്കി. നേംപാല്‍ എന്നയാളാണ് കൊല്ലാനുള്ള വിഷം നല്‍കിയത്. ധരംവീറും മുകേഷ് യാദവും നേംപാലും മഹേഷ് യാദവുമാണ് മാര്‍ച്ച് പത്തിന് ഗുല്‍ഫാമിന്റെ വീട്ടിലെത്തിയത്. മഹേഷ് യാദവ് വീടിന് കാവല്‍ നിന്നപ്പോള്‍ മറ്റു മൂന്നുപേരും വീടിന് അകത്ത് കയറി ഗുല്‍ഫാമിന്റെ ശരീരത്തില്‍ വിഷം കുത്തിവയ്ക്കുകയായിരുന്നു. ധരംവീറും നേംപാലും ഒളിവിലാണ്.