അല്ലു അര്‍ജ്ജുന് അപകടവുമായി ബന്ധമില്ലെന്ന് മരിച്ച യുവതിയുടെ ഭര്‍ത്താവ്; കേസ് പിന്‍വലിക്കാന്‍ തയ്യാര്‍
ഹൈദരാബാദ്: അല്ലു അര്‍ജുനെതിരെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ തയ്യാറാണെന്ന് 'പുഷ്പ 2' സിനിമയുടെ റിലീസിങ്ങിനിടെ തിക്കിലും തിരക്കിലും പെട്ട് മരിച്ച രേവതിയുടെ ഭര്‍ത്താവ് ഭാസ്‌കര്‍. ''കേസ് പിന്‍വലിക്കാന്‍ തയ്യാറാണ്. അറസ്റ്റിനെ കുറിച്ച് അറിയില്ല. എന്റെ ഭാര്യ തിക്കിലും തിരക്കിലും പെട്ട് മരിച്ചതില്‍ അല്ലു അര്‍ജുന് ഒരു ബന്ധവുമില്ലെന്ന്് ഭാസ്‌കര്‍ പറഞ്ഞു.
ഡിസംബര്‍ നാലാം തിയ്യതി പുഷ്പ 2 സിനിമയുടെ പ്രദര്‍ശനത്തിനിടെ ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിലുണ്ടായ തിക്കിലും തിരക്കിലുമാണ് രേവതി മരിച്ചത്. അന്നത്തെ പ്രദര്‍ശനത്തിനിടെ അല്ലു അര്‍ജുനും തിയേറ്ററിലെത്തിയിരുന്നു. ഇതേത്തുടര്‍ന്നാണ് വലിയ തിക്കും തിരക്കുമുണ്ടായത്. അപകടത്തില്‍ രേവതിയുടെ മകനു പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
സംഭവത്തില്‍ യുവതിയുടെ കുടുംബം പരാതി നല്‍കിയതോടെയാണ് അല്ലു അര്‍ജുനെതിരേ നടപടിയെടുത്തത്.പോലിസ് അറസ്റ്റ് ചെയ്ത അല്ലു അര്‍ജുനെ 14 ദിവസത്തേക്ക് നമ്പള്ളി കോടതി റിമാന്‍ഡ് ചെയ്തു.