പിരിവ് കൊടുക്കാത്തതിന് പമ്പയിൽ ബിജെപി നേതാക്കൾ പ്രവര്‍ത്തകരെ ഇളക്കിവിട്ട് പ്രശ്നമുണ്ടാക്കി: കരാറുകാരൻ്റെ പരാതി
പത്തനംതിട്ട: പിരിവ് കൊടുക്കാത്തതിന് ഭക്തരെ ഇളക്കിവിട്ട് ബിജെപി നേതാക്കള്‍ പ്രശ്‌നമുണ്ടാക്കിയതായി കരാറുകാരന്‍. പമ്പയിലെ ക്ലോക്ക് റൂം കരാറുകാരനാണ് ആരോപണവുമായി രംഗത്തെത്തിയത്. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് ഇന്നലെയാണ് ഏതാനും ഭക്തര്‍ പ്രതിഷേധിച്ചത്. ഇവരെ ബിജെപി നേതാക്കള്‍ ഇളക്കിവിട്ടതാണെന്നാണ് കരാറുകാരന്‍ ആരോപിക്കുന്നത്. ബിജെപി റാന്നി മണ്ഡലം പ്രസിഡണ്ട് സന്തോഷ് കുമാറും ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധനും എതിരെയാണ് ആരോപണം. ഇരുവരും പിരിവിനായി ക്ലോക് റൂമില്‍ എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും കരാറുകാരന്‍ പുറത്തുവിട്ടു. അതേസമയം ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തര്‍ക്ക് ഒപ്പം നിന്ന് ചോദ്യം ചെയ്യുക മാത്രമാണ് ചെയ്തതെന്ന് വിശദീകരിച്ച ബിജെപി നേതൃത്വം ആരോപണം പച്ചക്കള്ളമെന്നും പറഞ്ഞു.