ദത്തെടുക്കല്‍ നിയമം ഏകീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവിന്റെ പൊതുതാല്‍പ്പര്യ ഹരജി: സുപ്രിംകോടതി കേന്ദ്രത്തിന് നോട്ടിസ് അയച്ചു

Update: 2021-01-29 14:58 GMT

ന്യൂഡല്‍ഹി: ഇന്ത്യയിലെ ദത്തെടുക്കല്‍ നിയമം ഏകീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവ് നല്‍കിയ ഹരജയില്‍ സുപ്രിംകോടതി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ക്ക് നോട്ടിസ് അയച്ചു. കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം, നിയമ കമ്മീഷന്‍, നിയമമന്ത്രാലയം തുടങ്ങിയ വകുപ്പുകള്‍ക്കാണ് സുപ്രിംകോടതി നോട്ടിസ് അയച്ചത്.

ലിംഗ, ജാതി, മത, പ്രദേശ വിവേചനമില്ലാത്ത ദത്തെടുക്കല്‍ നിയമം രാജ്യത്ത് കൊണ്ടുവരണമെന്നാണ് ബിജെപി നേതാവും സുപ്രിംകോടതി അഭിഭാഷകനുമായ അശ്വിന്‍ കുമാര്‍ ഉപാധ്യയ നല്‍കിയ ഹരജിയില്‍ പറയുന്നത്.

ചീഫ് ജസ്റ്റിസ് എസ് എ ബോബ്ദെ അധ്യക്ഷനും ജസ്റ്റിസ് ബോപണ്ണ, ജസ്റ്റിസ് വി രമാസുബ്രഹ്മണ്യന്‍ എന്നിവര്‍ അംഗങ്ങളുമായി ബെഞ്ചാണ് പൊതുതാല്‍പ്പര്യ ഹരജി പരിഗണിക്കുന്നത്.

ദത്തെടുക്കല്‍ നിയമവുമായി ബന്ധപ്പെട്ട നിയമത്തിലെ വൈരുദ്ധ്യങ്ങള്‍ നീക്കം ചെയ്യണമെന്നും അതിനനുസരിച്ച് രാജ്യത്തെ എല്ലാ പൗരന്മാര്‍ക്കും വേണ്ടി മത, ജാതി, വംശ, ലിംഗ പരിഗണനകളില്ലാതെ ഭരണഘടനയുടെ അനുച്ഛേദം 14,15, 21, 44 അനുസരിച്ചും അന്തര്‍ദേശീയ കണ്‍വെന്‍ഷനുകളനുസരിച്ചും ഏകീകൃത നിയമം തയ്യാറാക്കണമെന്നും കേന്ദ്ര സര്‍ക്കാരിന്റെ ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് നിര്‍ദേശം നല്‍കണമെന്നുമാണ് ഹരജിക്കാരന്റെ ആവശ്യം.

ഏകീകൃത നിയമത്തിന്റെ അഭാവം ഭരണഘടനയുടെ അനുച്ഛേദം 14, 15, 21 എന്നിവ പൗരന് നല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണ്. ഈ സാഹചര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഏകീകൃത നിയമവുമായി ബന്ധപ്പെട്ട മാര്‍ഗനിര്‍ദേശം പുറപ്പെടുവിക്കണം. ഇത്തരമൊരു നിയമത്തിനാവശ്യമായ മാര്‍ഗനിര്‍ദേശം നല്‍കണമെന്ന് നിയമകമ്മീഷനോട് ആവശ്യപ്പെടണം- ഹരജിയില്‍ പറയുന്നു.

ഇന്ത്യയില്‍ വിവിധ വിഭാഗങ്ങള്‍ വിവിധ നിയമങ്ങള്‍ക്കനുസരിച്ചാണ് ദത്തെടുക്കല്‍ നടത്തുന്നത്. ഹിന്ദു ദത്തെടുക്കലും ജീവനാംശവും നിയമം, 1956 (Hindu Maintenance and Adoption act 1956) പ്രകാരം ഹിന്ദുക്കള്‍ക്കും ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്‌സ് ആക്ട് 1890 പ്രകാരം മുസ്‌ളിം, ക്രിസ്ത്യന്‍, പാഴ്‌സി, ജൂത വിഭാഗക്കാര്‍ക്കും ദത്തെടുക്കാവുന്നതാണ്. കൂടാതെ ബാലനീതിയും സംരക്ഷണ നിയമം, 2000ത്തിലും ദത്തെടുക്കലിനെക്കുറിച്ച് പറഞ്ഞിട്ടുണ്ട്.

ദത്തെടുക്കല്‍ നിയമം വ്യക്തിനിയമത്തിന്റെ പരിധിയിലാണ് വരുന്നത്. അതുകൊണ്ടുതന്നെ രാജ്യത്ത് ഏകീകൃത വ്യക്തിനിയമമില്ലാത്തതിനാല്‍ ഏകീകൃത ദത്തെടുക്കല്‍ നിയമവും സാധ്യമല്ല. വിവിധ മതവിഭാഗങ്ങള്‍ക്ക് അവരാവരുടെ മതവിശ്വാസമനുസരിച്ചാണ് വ്യക്തിനിയമവും രൂപപ്പെടുത്തിയിട്ടുള്ളത്. ഇഷ്ടമുള്ള മതത്തില്‍ വിശ്വസിക്കുന്നതിനുളള അവകാശം ഇന്ത്യന്‍ ഭരണഘടന ഉറപ്പുനല്‍കുന്നതുകൊണ്ടുതന്നെ വ്യക്തിനിയമത്തില്‍ മാറ്റം വരുത്താനും ഭരണകൂടത്തിന് നിയമപരമായി അവകാശമില്ല. എന്നാല്‍ വ്യക്തിനിയമം ഏകീകരിക്കണമെന്നത് ഹിന്ദുത്വ വിഭാഗങ്ങളുടെ ദീര്‍ഘകാലമായ ആവശ്യമാണ്. അതിന്റെ കൂടി ഭാഗമാണ് പുതിയ ഹരജിയെന്ന് കരുതപ്പെടുന്നു.

Tags:    

Similar News