ആര്യന്‍ ഖാന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടു; അറസ്റ്റിനു പിന്നില്‍ ബോളിവുഡിലെ മല്‍സരം; അന്വേഷണം ആവശ്യപ്പെട്ട് ശിവസേനാ നേതാവ് സുപ്രിംകോടതിയില്‍
മുംബൈ: ലഹരി ഉപയോഗിച്ചെന്നാരോപിച്ച് അറസ്റ്റ് ചെയ്യപ്പെട്ട ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്റെ മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെട്ടെന്നാരോപിച്ച് ശിവസേനാ നേതാവ് സുപ്രിംകോടതിയെ സമീപിക്കുന്നു. ആര്യന്‍ ഖാനെ അറസ്റ്റ് ചെയ്ത നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോയുടെ നടപടിയെ വിമര്‍ശിച്ചുകൊണ്ട് കിഷോര്‍ തിവാരിയാണ് സുപ്രിംകോടതിയെ സമീപിച്ചത്. സുപ്രിംകോടതി ജഡ്ജിയെക്കൊണ്ട് അന്വേഷണം നടത്തിപ്പിക്കണെന്നും ആവശ്യപ്പെട്ടു.
കഴിഞ്ഞ രണ്ട് വര്‍ഷമായി സിനിമാപ്രവര്‍ത്തകരെയും മോഡലുകളെയും നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ വേട്ടയാടുകയാണെന്നും പരാതിയില്‍ ആരോപിച്ചിട്ടുണ്ട്. ഭരണഘടനയുടെ അനുച്ഛേദം 32 അനുസരിച്ച് സുപ്രിംകോടതി ഇടപെടണമെന്നാണ് ആവശ്യം.
നര്‍ക്കോട്ടിക്‌സ് ബ്യൂറോ ഭരണഘടനയുടെ പാര്‍ട്ട് മൂന്ന് ലംഘിച്ചിരിക്കുകയാണെന്നും മൗലികാവകാശങ്ങള്‍ ലംഘിക്കപ്പെടുകയാണെങ്കില്‍ ഇടപെടാന്‍ സുപ്രിംകോടതിക്കും ചീഫ് ജസ്റ്റിസിനും കടമയുണ്ടെന്നും ഹരജിയില്‍ പറയുന്നു.
നര്‍കോട്ടിക്‌സ് കേസുകള്‍ കൈകാര്യം ചെയ്യുന്ന മുംബൈയിലെ കോടതി പൊതു അവധി ദിനങ്ങള്‍ ചൂണ്ടിക്കാട്ടി ജാമ്യാപേക്ഷയിലുള്ള ഉത്തരവ് നല്‍കുന്നത് ഒക്ടോബര്‍ 20ലേക്ക് മാറ്റിയത് മറ്റു മാര്‍ഗങ്ങളിലൂടെ നീതി നിഷേധിക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമാണ്. ജനാധിപത്യവിരുദ്ധമായ മാര്‍ഗത്തിലൂടെ 17 രാത്രികള്‍ ജയിലില്‍ പാര്‍പ്പിക്കാനുള്ള ശ്രമമായിരുന്നു അത്. ജാമ്യമാണ് നിയമമെന്ന അടിസ്ഥാന ആശയത്തിന് എതിരാണ് ഈ രീതിയെന്നും അദ്ദേഹം ആരോപിച്ചു.
പ്രമുഖരെ തിരഞ്ഞെടുത്തുകൊണ്ട് ആക്രമിക്കുകയും പീഡിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് കഴിഞ്ഞ ഏതാനും കാലമായി കാണുന്നത്. മുംബൈ സോണല്‍ ഡയറക്ടറുടെ ഭാര്യ അറിയപ്പെടുന്ന മറാത്തി സിനിമാതാരമാണ്. മറ്റ് സിനിമാപ്രവര്‍ത്തകരെ പീഡിപ്പിക്കുന്നതിനു പിന്നില്‍ അവര്‍ക്ക് മറ്റ് താരങ്ങളുമായുള്ള മല്‍സരവും കാരണമാണ്. എന്‍സിബിയെ ഉപയോഗിച്ച് അവര്‍ക്ക് പ്രഫഷണല്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
സുശാന്ത് സിങ് രജപുത്തിന്റെ മരണത്തിലും ഇത്തരം രീതികള്‍ കാണാം. മുന്ദ്ര തുറമുഖത്തുനിന്ന് കണ്ടെടുത്ത 3,000 കിലോഗ്രാം മയക്കുമരുന്നുമായി താരതമ്യപ്പെടുത്തിയാല്‍ എന്‍സിബി കണ്ടെടുത്തെന്നു പറയുന്ന തെളിവുകള്‍ തമാശയാണ്....ആര്യന്‍ ഖാന്റെ കയ്യില്‍ നിന്ന് ലഹരി മരുന്നുകള്‍ ഒന്നു പിടിച്ചെടുത്തിട്ടില്ല. ഉപയോഗിച്ചതിനു തെളിവില്ല, മെഡിക്കല്‍ പരിശോധനയും നടത്തിയിട്ടില്ല. എന്നിട്ടും ഒക്ടോബര്‍ 3വരെ അദ്ദേഹത്തെ കസ്റ്റഡിയില്‍ സൂക്ഷിച്ചിരിക്കുന്നു''- ഹരജിയില്‍ പറയുന്നു.
ഒക്ടോബര്‍ 3ാം തിയ്യതിയാണ് ആര്യന്‍ ഖാനെയും മറ്റ് 7 പേരെയും ഗോവയിലേക്കുള്ള ആഢംബരക്കപ്പലില്‍ നിന്ന് ലഹരി ഉപയോഗിത്തിന്റെ പേരില്‍ നര്‍കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. എല്ലാവരും 17 ദിവസമായി റിമാന്‍ഡില്‍ കഴിയുകയാണ്. സ്‌പെഷ്യല്‍ ജഡ്ജ് വി വി പാട്ടീലാണ് കേസ് പരിഗണിക്കുന്നത്.