ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് അന്വേഷിച്ച രണ്ട് എന്‍സിബി ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍
എന്‍സിബി ഉദ്യോഗസ്ഥരായ വിശ്വ വിജയ് സിങ് അശിഷ് രഞ്ജന്‍ പ്രസാദ് എന്നിവരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ക്രൂയിസ് കപ്പലിലെ ലഹരി പാര്‍ട്ടി കേസ് അന്വേഷിച്ച സംഘത്തില്‍ വിശ്വ വിജയ് സിംഗും അശിഷ് രഞ്ജന്‍ പ്രസാദും ഉണ്ടായിരുന്നു.
മുംബൈ: സംശയാസ്പദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടതിന് രണ്ട് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ (എന്‍സിബി) ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍. എന്‍സിബി ഉദ്യോഗസ്ഥരായ വിശ്വ വിജയ് സിങ് അശിഷ് രഞ്ജന്‍ പ്രസാദ് എന്നിവരെ ആണ് സസ്‌പെന്‍ഡ് ചെയ്തത്. നടന്‍ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ക്രൂയിസ് കപ്പലിലെ ലഹരി പാര്‍ട്ടി കേസ് അന്വേഷിച്ച സംഘത്തില്‍ വിശ്വ വിജയ് സിംഗും അശിഷ് രഞ്ജന്‍ പ്രസാദും ഉണ്ടായിരുന്നു. എന്‍സിബിയുടെ വിജിലന്‍സ് സംഘം നടത്തിയ അന്വേഷണത്തില്‍ ഇരുവരും സംശയാസ്പദമായ പ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതായി കണ്ടെത്തുകയായിരുന്നു. തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തതെന്ന് ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. വിശ്വ വിജയ് സിങ് ക്രൂയിസ് മയക്കുമരുന്ന് കേസിന്റെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു. അശിഷ് രഞ്ജന്‍ പ്രസാദ് കേസില്‍ അദ്ദേഹത്തിന്റെ ഡെപ്യൂട്ടി ആയിരുന്നു.
എന്നാല്‍ സസ്‌പെന്‍ഷന്റെ കാരണം ഇതുവരെ വ്യക്തമായി അറിവായിട്ടില്ല. ക്രൂയിസ് ഡ്രഗ്‌സ് കേസിലെ പങ്കിനെ തുടര്‍ന്നാണോ ഇവരെ സസ്‌പെന്‍ഡ് ചെയ്തതെന്ന് വ്യക്തമല്ല. എന്‍ സി ബി സംഘത്തിനെതിരായ പണമിടപാട് ആരോപണത്തെ തുടര്‍ന്ന് ക്രൂയിസ് മയക്കുമരുന്ന് കേസ് ഉള്‍പ്പെടെ അഞ്ച് കേസുകള്‍ എന്‍സിബി, എസ്‌ഐടിക്ക് കൈമാറിയിരുന്നു.