അശ്രദ്ധമായ അന്വേഷണം: ആര്യന്‍ഖാനെതിരേയുളള ലഹരിക്കേസില്‍ സമീര്‍ വാംഖഡെക്കെതിരേ അന്വേഷണം
മുംബൈ: ആഢംബര കപ്പലിലെ ലഹരി മരുന്ന് കേസില്‍ ബോളിവുഡ് താരം ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന് ക്ലീന്‍ ചീറ്റ് നല്‍കിയതിനു പിന്നാലെ അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന സമീര്‍ വാംഖഡെക്കെതിരേ അന്വേഷണം. അശ്രദ്ധമായ അന്വേഷണത്തിനാണ് അദ്ദേഹത്തിനെതിരേ അന്വേഷണം നടത്തുക. കൂടാതെ വ്യാജ ജാതി സര്‍ട്ടിഫിക്കറ്റ് ഹാജരാക്കി ജോലി നേടിയെന്നും ആരോപമുണ്ട്. പട്ടികജാതി സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് സമീര്‍ ജോലി നേടിയത്.
'സമീര്‍ വാംഖഡെയ്‌ക്കെതിരെ അശ്രദ്ധമായ അന്വേഷണത്തിന് നടപടിയെടുക്കാന്‍ സര്‍ക്കാരിനോട് അന്വേഷണസംഘം ആവശ്യപ്പെട്ടിട്ടുണ്ട്. വ്യാജ ജാതി സര്‍ട്ടിഫിക്കറ്റിന് നല്‍കിയതിനെതിരേയും നടപടിയെടുക്കും.'- ആര്യന്‍ഖാന്റെ കേസ് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘത്തിലെ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപോര്‍ട്ട് ചെയ്തു.
സര്‍ക്കാര്‍ ജോലി ലഭിക്കാന്‍ വാംഖഡെ വ്യാജ രേഖകള്‍ ഉപയോഗിച്ചുവെന്ന് മഹാരാഷ്ട്ര മന്ത്രി നവാബ് മാലിക് ആരോപിച്ചിരുന്നു, അതിനുശേഷം അദ്ദേഹം കഴിഞ്ഞ നവംബറില്‍ താന്‍ ദളിതനാണെന്ന് തെളിയിക്കുന്നതിനായി ദേശീയ പട്ടികജാതി കമ്മീഷന് തന്റെ യഥാര്‍ത്ഥ ജാതി രേഖകള്‍ നല്‍കിയിരുന്നു.
ആര്യന്‍ ഖാന്‍ ഉള്‍പ്പെട്ട ലഹരിക്കേസ് കൈകാര്യം ചെയ്തിരുന്നത് വാംഖഡെയായിരുന്നു. ലഹരി ഉപയോഗിച്ചതായി പറയപ്പെടുന്ന മുംബൈയില്‍നിന്ന് ഗോവയിലേക്ക് പോയ ആഢംബരക്കപ്പലില്‍ നിന്ന് ഇദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘമാണ് റെയ്ഡ് നടത്തിയത്.
റെയ്ഡിലും അതിനുശേഷം നടന്ന അന്വേഷണത്തിലും വാംഖഡെയുടെ ഇടപെടല്‍ സംശയാസ്പദമാണെന്ന ആരോപണം അന്നേ ഉയര്‍ന്നിരുന്നു. പിന്നീട് കേസ് പ്രത്യേക അന്വേഷണ സംഘം ഏറ്റെടുത്തു. അവര്‍ കോടതിയില്‍ നല്‍കിയ കുറ്റപത്രത്തില്‍ ആര്യന്‍ ഖാന്റെ പേര് ഉള്‍പ്പെട്ടിരുന്നില്ല.
'ഇപ്പോള്‍ ആര്യന്‍ ഖാനും മറ്റ് അഞ്ച് പേര്‍ക്കും ക്ലീന്‍ചിറ്റ് ലഭിച്ചു. എന്‍സിബി സമീറിനെതിരേ കേസെടുക്കുമോ? അതോ സംരക്ഷിക്കുമോ?' -നവാബ് ട്വീറ്റ് ചെയ്തു.
കേസ് അന്വേഷിച്ചപ്പോള്‍ വാംഖഡെയുടെ സംഘത്തിന്റെ ഭാഗത്തുനിന്ന് അഞ്ച് വീഴ്ചകളുണ്ടായെന്നാണ് കുറ്റപത്രത്തില്‍ ആരോപിക്കുന്നത്.
റെയ്ഡിന്റെ വീഡിയോ പകര്‍ത്തിയില്ല. ആര്യന്‍ഖാന്റെ ഫോണ്‍ പരിശോധിച്ചില്ല. മെഡിക്കല്‍ പരിശോധന നടത്തിയില്ല. ഒരു സാക്ഷി കൂറുമാറി. അദ്ദേഹത്തെക്കൊണ്ട് ഒഴിഞ്ഞ പേപ്പറില്‍ ഒപ്പിടീച്ചതായി ആരോപിച്ചിട്ടുണ്ട്. രണ്ട് സാക്ഷികള്‍ സംഭവസ്ഥലത്തില്ലാത്തവരായിരുന്നു. ഓരോരുത്തര്‍ക്കുമെതിരേ ഒരേ കുറ്റമാണ് ചുമത്തിയിരിക്കുന്നത്. ആര്യന്‍ ഖാന്റെ കയ്യില്‍ മയക്കുമരുന്ന് ഉണ്ടായിരുന്നില്ല.
10 വാള്യങ്ങളിലായാണ് എന്‍സിബി പ്രത്യേക കോടതിയില്‍ നല്‍കിയ കുറ്റപത്രം. ലഹരിപാര്‍ട്ടി കേസുമായി ബന്ധപ്പെട്ട് ഏറെ വിവാദങ്ങള്‍ ഉയര്‍ന്നതോടെയാണ് അന്വേഷണം എന്‍സിബിയുടെ പ്രത്യേകസംഘം ഏറ്റെടുത്തത്.
2021 ഒക്ടോബര്‍ രണ്ടിനാണ് ആഢംബര കപ്പലില്‍ നടത്തിയ റെയ്ഡില്‍ ആര്യന്‍ ഖാന്‍ അടക്കമുള്ളവരെ എന്‍സിബി സംഘം അറസ്റ്റ് ചെയ്തത്.